ഡെറാഡൂണ്‍: ഉത്തരാഖണ്‌ഡില്‍ മഴക്കെടുതിയില്‍ മരണനിരക്ക് കൂടുന്നു. ഉത്തരാഖണ്‌ഡില്‍ കഴിഞ്ഞ കുറച്ച് ദിവസമായുള്ള ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം 46 ആയി. സംസ്ഥാന ദുരന്തനിരാവണ റിപ്പോര്‍ട്ട് പ്രകാരം മഴക്കെടുതിയില്‍ 12 പേര്‍ക്ക് പരിക്കേറ്റു.
ഒക്‌ടോബര്‍ 17ന് പെയ്ത ശക്‌തമായ മഴയില്‍ ചംപാവതിലെ ബന്‍ബസയില്‍ ഒരാളും ഒക്‌ടോബര്‍ 18ന് ആറ് പേരുമാണ് മരിച്ചത്. മൂന്ന് പേര്‍ പൗരിയിലും, രണ്ട് പേര്‍ ചംപാവതിലും ഒരാള്‍ പിത്തോഗറിലും മരണപ്പെട്ടു. ഒക്‌ടോബര്‍ 19ന് ഉത്തരാഖണ്‌ഡില്‍ 39 മരണം കൂടി രേഖപ്പെടുത്തി. ഇതില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് നൈനിറ്റാലിലാണ്. 28 പേരാണ് നൈനിറ്റാലില്‍ മരണപ്പെട്ടത്. ആറ് പേര്‍ അല്‍മോറയിലും, രണ്ട് പേര്‍ വീതം ചംപാവത്, ഉദ്‌ധം സിങ് നഗര്‍ എന്നിവിടങ്ങളിലും, ഒരാള്‍ ബഗേഷ്‌വരിലുമാണ് മരണപ്പെട്ടത്.
തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയില്‍ ഉത്തരാഖണ്‌ഡില്‍ നിരവധി നാശനഷ്‌ടങ്ങളും ഉണ്ടായിട്ടുണ്ട്. ഒൻപത് വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ നശിച്ചു. 11 പേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്തരാഖണ്‌ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ദാമി പ്രളയബാധിത മേഖലയുടെ ഏരിയല്‍ സര്‍വേ നടത്തി. മഴക്കെടുതിയില്‍ വീട് നഷ്‌ടമായവര്‍ക്ക് 1,09,000 രൂപയും, മരണപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി വാഗ്‌ദാനവും നല്‍കി.
വളര്‍ത്തുമൃഗങ്ങളെ നഷ്‌ടമായവര്‍ക്കും വേണ്ട സഹായം നല്‍കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. മഴക്കെടുതിയില്‍ നാശം വിതച്ച പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥലം സന്ദര്‍ശിക്കും. ഇതുമായി ബന്‌ധപ്പെട്ട് ചില യോഗങ്ങളും ഏരിയല്‍ സര്‍വേയും നടത്താന്‍ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.
Also Read: ബദ്രിനാഥ് ദേശീയപാതയ്ക്ക് സമീപം വെള്ളപ്പൊക്കത്തിൽ കാര്‍ ഒലിച്ചു പോയി