നോയിഡ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വധഭീഷണി. നോയിഡ ആസ്ഥാനമായുള്ള ഒരു സ്വകാര്യ വാര്‍ത്ത ചാനലിന്‍റെ ചീഫ് എക്‌സിക്യുട്ടീവ് എഡിറ്ററുടെ ഇ-മെയിലിലേയ്‌ക്കാണ് ഭീഷണി സന്ദേശം അയച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പ്രതിയ്‌ക്കായി തെരച്ചില്‍ ആരംഭിച്ചു.
കാര്‍ത്തിക് സിങ് എന്ന വ്യക്തിയുടെ മെയിലില്‍ നിന്നാണ് തനിക്ക് ഇത്തരത്തിലൊരു സന്ദേശം ലഭിച്ചതെന്ന് ചാനലിന്‍റെ സിഇഒ അറിയിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഭീഷണിയ്‌ക്ക് പിന്നിലെ പ്രേരക ശക്തിയെക്കുറിച്ച് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ചാനല്‍ സിഇഒ അറിയിച്ചു.
ഭീഷണിക്ക് പിന്നിലെ ഉദ്ദേശം വ്യക്തമല്ല :ഉചിതമായ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പൊലീസിന്‍റെ ഔദ്യോഗികമായ പ്രസ്‌താവന പുറത്തുവരേണ്ടതുണ്ട്. ഭീഷണി സന്ദേശം ലഭിച്ചതിന്‍റെ പശ്ചാത്തലത്തില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് മനോജ് കുമാര്‍ സിങ് പറഞ്ഞു.
പ്രതിയെ പിടികൂടുവാന്‍ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ഏതാനും ചിലരെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിലും 20 കിലോഗ്രാം ആർഡിഎക്‌സ് ഉപയോഗിച്ച് ചാവേർ ആക്രമണത്തിൽ പ്രധാനമന്ത്രി മോദിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ഇ-മെയില്‍ സന്ദേശം ലഭിച്ചിരുന്നു.