ബാരൻ (രാജസ്ഥാൻ): ബാരൻ ജില്ലയിലെ സഹരിയയിൽ ഡയേറിയ ബാധിച്ച് മൂന്ന് വയസുകാരി മരിച്ചതിന് കാരണം പോഷകാഹാര കുറവാണെന്ന വീട്ടുകാരുടെ ആരോപണം തളളി ഭരണകൂടം. ബിന്ദിയ എന്ന പെൺകുട്ടിയാണ് ഇക്കഴിഞ്ഞ ജൂലൈ ഏഴിന് മരണപ്പെട്ടത്. കുട്ടി മരിക്കാൻ കാരണം കൃത്യ സമയത്ത് ചികിത്സ ലഭിക്കാതിരുന്നതാണെന്ന് ഭരണകൂടം വ്യക്തമാക്കി.
ഡയേറിയയെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതെ വീട്ടിൽ തന്നെ ചികിത്സിക്കാൻ ശ്രമിച്ചിരുന്നു എന്ന് അധികൃതർ അറിയിച്ചു. ബിന്ദിയയുടെ അമ്മ പപിത സഹരിയ ക്ഷയ രോഗിയാണ്. സമ്രാനിയ അങ്കണവാടിയിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന ഇവർ എട്ട് മാസമായി ദേവ്രിയിലുള്ള പപിതയുടെ അമ്മയുടെ വീട്ടിൽ താമസിക്കുന്നതിനാൽ അങ്കണവാടിയിൽ നിന്ന് പോഷകാഹാരങ്ങൾ ലഭിക്കുന്നില്ലെന്ന് പപിത ആരോപിച്ചു. ബിന്ദിയക്ക് രണ്ട് സഹോദരങ്ങളാണ്.