ബെംഗളൂരു : ഷൂട്ടിങ്ങിനിടെ ഷോക്കേറ്റ് കന്നഡ സ്റ്റണ്ട് താരം മരിച്ചു. ലവ് യൂ രച്ചൂ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വിവേക് എന്ന ഫൈറ്ററിനാണ് ജീവഹാനിയുണ്ടായത്. 28 വയസായിരുന്നു. രാജരാജേശ്വരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല.
രാമനിഗര ബിഡദിയിലെ ജോഗ്രപാളയിലെ ഷൂട്ടിങ് സെറ്റിലായിരുന്നു നടുക്കുന്ന സംഭവം. സാഹസിക രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. റോപ്പ് വലിക്കുന്നതിനിടെ ഹൈ ടെന്‍ഷന്‍ വയറില്‍ തട്ടിയതാണ് വൈദ്യുതാഘാതമേല്‍ക്കാന്‍ കാരണം.
Also Read : ഇ ബുൾ ജെറ്റ് പൊളി,കുട്ടികള്‍ ചില്ലറക്കാരല്ല' ; പിന്തുണച്ച് ജോയ് മാത്യു
തമിഴ്‌നാട് സ്വദേശിയാണ് വിവേക്. സ്റ്റണ്ട് മാസ്റ്റര്‍ വിനോദിന്‍റെ മേല്‍നോട്ടത്തിലായിരുന്നു ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. അപകടത്തെ തുടര്‍ന്ന് സെറ്റിലെത്തിയ പൊലീസ് സംവിധായകന്‍ ശങ്കര്‍ എസ് രാജ്, നിര്‍മാതാവ് ഗുരു ദേശ് പാണ്ഡേ, സംഘട്ടന സംവിധായകന്‍ വിനോദ് എന്നിവരില്‍ നിന്ന് വിവരങ്ങള്‍ തേടി.
അജയ് റാവുവും രചിത്ര റാമുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. 2016 ല്‍ മസ്തിഗുഡി എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെ അനില്‍, ഉദയ് എന്നീ താരങ്ങള്‍ മുങ്ങിമരിച്ചിരുന്നു. 60 മീറ്റര്‍ ഉയരത്തില്‍ നിന്ന് ഇരുവരും ഹെലികോപ്റ്ററില്‍ നിന്ന് നദിയിലേക്ക് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.