കേരളം

kerala

ETV Bharat / bharat

Biparjoy Cyclone | 'ഫൈലിൻ' മുതല്‍ 'ടൗട്ടേ' വരെ ; നൂറ്റാണ്ടിലെ ചുഴലിക്കാറ്റുകള്‍ ഇന്ത്യന്‍ തീരത്ത് ബാക്കിവച്ചത് - വർദ

ബിപര്‍ജോയ് ചുഴലിക്കാറ്റിന് മുന്നോടിയായി തീരപ്രദേശത്ത് താമസിക്കുന്ന 74,000 ത്തിലധികം ആളുകളെ നിലവില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്

Deadliest cyclones  Deadliest cyclones hit India  Explained  Biparjoy Cyclone  Phailin cyclone  Tauktae cyclone  തീരമടുത്ത് ബിപര്‍ജോയ്  ബിപര്‍ജോയ്  ഫൈലിൻ  ചുഴലിക്കാറ്റുകള്‍ ഇന്ത്യന്‍ തീരത്ത് ബാക്കിവച്ചത്  ഗുജറാത്ത്  ഉഷ്ണമേഖല ചുഴലിക്കാറ്റുകള്‍  ടൗട്ടേ ചുഴലിക്കാറ്റ്  ടൗട്ടേ  എംഫൻ ചുഴലിക്കാറ്റ്  എംഫൻ  ഫാനി ചുഴലിക്കാറ്റ്  ഫാനി  ഹുദ്‌ഹുദ് ചുഴലിക്കാറ്റ്  ഹുദ്‌ഹുദ്  വർദ ചുഴലിക്കാറ്റ്  വർദ  ചുഴലിക്കാറ്റിന്‍റെ മുന്നോടിയായി
തീരമടുത്ത് 'ബിപര്‍ജോയ്', ഭീതിയോടെ രാജ്യം; 'ഫൈലിൻ' മുതലുള്ള ചുഴലിക്കാറ്റുകള്‍ ഇന്ത്യന്‍ തീരത്ത് ബാക്കിവച്ചത്

By

Published : Jun 15, 2023, 8:38 PM IST

Updated : Jun 15, 2023, 9:12 PM IST

ന്യൂഡല്‍ഹി : ബിപര്‍ജോയ് ചുഴലിക്കാറ്റിന്‍റെ ഭീതി ഗുജറാത്ത്, മഹാരാഷ്‌ട്ര തീരത്താണെങ്കിലും രാജ്യം ഒന്നടങ്കം ശ്വാസമടക്കി തന്നെയാണ് മുന്നോട്ടുപോകുന്നത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിൽ ഗുജറാത്ത് തീരത്തോടടക്കുന്ന ബിപര്‍ജോയ്‌, കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തിന് സമീപത്ത് പതിക്കുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. ഇതിന് മുന്നോടിയായി നാശനഷ്‌ട സാധ്യതകളേറെയുള്ള ദുർബല പ്രദേശങ്ങളിൽ താമസിക്കുന്ന 74,000 ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുമുണ്ട്.

മറ്റ് പ്രകൃതിക്ഷോഭങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും പോലെ തന്നെ ഏറെ നാശനഷ്‌ടങ്ങള്‍ വിതയ്‌ക്കാന്‍ കെല്‍പ്പുള്ളവ തന്നെയാണ് ചുഴലിക്കാറ്റുകളും. അതിന്‍റെ തീവ്രത തീരപ്രദേശത്ത് മാത്രമായി അവസാനിക്കുകയുമില്ല. മുന്‍കാല അനുഭവങ്ങളും സമീപകാലത്തെ ചുഴലിക്കാറ്റുകളും വ്യക്തമാക്കുന്നതും ഇതുതന്നെയാണ്.

എന്തുകൊണ്ട് ഇന്ത്യ : ഇന്ത്യയില്‍ ആകെ മൊത്തം 7,516 കിലോമീറ്ററാണ് തീരപ്രദേശമായുള്ളത്. ലോകത്തുള്ള ഉഷ്ണമേഖല ചുഴലിക്കാറ്റുകളുടെ ഏകദേശം എട്ട് ശതമാനവും ഈ പ്രദേശങ്ങളിലാണ് ഉള്‍പ്പെടുന്നത്. അതുകൊണ്ടുതന്നെ ചുഴലിക്കാറ്റുകളുടെ സാധ്യത ഇവിടങ്ങളില്‍ ഏറെയാണ്. മാത്രമല്ല ഭൂരിഭാഗം ചുഴലിക്കാറ്റുകളുടെയും ഉത്ഭവം ബംഗാൾ ഉൾക്കടലും സഞ്ചാരപഥം ഇന്ത്യയുടെ കിഴക്കൻ തീരങ്ങളുമാണ്.

അതിനാല്‍ തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ തുടങ്ങിയ കിഴക്കന്‍ തീരങ്ങളിലും കേരളം, കർണാടക, മഹാരാഷ്‌ട്ര, ഗോവ, ഗുജറാത്ത് തുടങ്ങിയ പടിഞ്ഞാറൻ തീരങ്ങളിലും തലവേദന സൃഷ്‌ടിക്കാതെ ഒരു ചുഴലിക്കാറ്റും കടന്നുപോകാറുമില്ല. കൂടാതെ ഈ ഒമ്പത് തീരദേശ സംസ്ഥാനങ്ങളിലായി വസിക്കുന്ന ഏതാണ്ട് 32 കോടിയോളം വരുന്ന ജനങ്ങളെ മാത്രം ചിന്തിച്ചാല്‍ ഓരോ ചുഴലിക്കാറ്റുകളുടെയും ഭീകരതയും വ്യക്തമാവും.

വര്‍ഷംതോറും ശക്തിപ്രാപിച്ച് :അറബിക്കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകളുടെ ആവൃത്തിയും ദൈര്‍ഘ്യവും തീവ്രതയും കഴിഞ്ഞ ദശാബ്‌ദങ്ങളില്‍ ഗണ്യമായി വര്‍ധിച്ചതായി ഗവേഷണങ്ങളും അടിവരയിടുന്നുണ്ട്. മാത്രമല്ല സമീപകാലത്ത് ഓരോ വര്‍ഷവും അഞ്ചോ ആറോ ഉഷ്‌ണമേഖല ചുഴലിക്കാറ്റുകള്‍ (tropical cyclones) രൂപംകൊള്ളുന്നുവെന്നും ഇതില്‍ രണ്ടോ മൂന്നോ എണ്ണം ശക്തമായ കൊടുങ്കാറ്റായി മാറുന്നുവെന്നും സര്‍ക്കാര്‍ ഡാറ്റകളും വ്യക്തമാക്കുന്നു. ഇത്തരത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വീശിയടിച്ച് ഏറെ നാശനഷ്‌ടങ്ങള്‍ക്കിടവരുത്തിയ ചുഴലിക്കാറ്റുകള്‍ ഇവയാണ്:

ടൗട്ടേ ചുഴലിക്കാറ്റ്. ഒരു ഫയല്‍ ചിത്രം
  • ടൗട്ടേ ചുഴലിക്കാറ്റ് : രാജ്യം കൊവിഡ് 19 നോട് പൊരുതവെ 2021 മെയ് 17 നാണ് ഗുജറാത്തിന്‍റെ തെക്കൻ തീരത്ത് അതി തീവ്രമായ ചുഴലിക്കാറ്റായ ടൗട്ടേ എത്തുന്നത്. മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശി. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഉഷ്ണമേഖല ചുഴലിക്കാറ്റായിരുന്നു ടൗട്ടേ, പടിഞ്ഞാറൻ തീരത്ത് കനത്ത നാശം വിതയ്‌ക്കുകയും ചെയ്‌തു. വീശിയടിച്ച ടൗട്ടേ 100 ലധികം ജീവനുകളും അപഹരിച്ചു. ഇതില്‍ ഭൂരിഭാഗവും ഗുജറാത്തിലാണെങ്കിലും, ചുഴലിക്കാറ്റ് പടിഞ്ഞാറൻ തീരത്ത് ആഞ്ഞടിച്ചതോടെ കേരളം, കർണാടക, ഗോവ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലും നാശം വിതച്ചിരുന്നു.
    എംഫൻ ചുഴലിക്കാറ്റിന് ശേഷം
  • എംഫൻ ചുഴലിക്കാറ്റ് : 1999 ല്‍ ഒഡിഷയിലെ സൂപ്പർ സൈക്ലോണിന് ശേഷം ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട് ഏറെ ദുരിതം ബാക്കിയാക്കിയ ചുഴലിക്കാറ്റായിരുന്നു എംഫൻ. 2020 മെയ് 20 ന് പശ്ചിമ ബംഗാളിലെ സുന്ദർബൻസിന് സമീപമാണ് എംഫൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഉത്തര ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും തീവ്രതയേറിയ ഉഷ്ണമേഖല ചുഴലിക്കാറ്റായിരുന്നു എംഫൻ എന്നായിരുന്നു വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്‍റെ (WMO) കണ്ടെത്തല്‍. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ത്യയിലും ബംഗ്ലാദേശിലുമായി 129 മരണങ്ങളും ഇന്ത്യയില്‍ മാത്രം ഏതാണ്ട് 14 ബില്യണ്‍ യുഎസ് ഡോളറിന്‍റെ (ഏതാണ്ട് ഒരുലക്ഷം കോടിയിലധികം) നാശനഷ്‌ടം ഉണ്ടായതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
    ഫാനി ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്‌ടങ്ങളുടെ നേര്‍സാക്ഷ്യം
  • ഫാനി ചുഴലിക്കാറ്റ് :2019 മെയ് മൂന്നിന് ഒഡിഷയിലെ പുരിക്കടുത്താണ് ഫാനി ചുഴലിക്കാറ്റ് തീരം തൊടുന്നത്. 175 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച അതിതീവ്രമായ ചുഴലിക്കാറ്റ് 64 പേരുടെ ജീവൻ അപഹരിക്കുകയും വീടുകൾ, വൈദ്യുതി ലൈനുകൾ, വയലുകൾ, ആശയവിനിമയ ശൃംഖലകൾ, ജലവിതരണ സംവിധാനങ്ങൾ എന്നിവയുൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശം വിതയ്‌ക്കുകയും ചെയ്തു.
    വർദ ചുഴലിക്കാറ്റ്. ഫയല്‍ ചിത്രം
  • വർദ ചുഴലിക്കാറ്റ് :2016 ഡിസംബർ 12 ന് ചെന്നൈയ്ക്ക് സമീപമാണ് 'വര്‍ദ' പതിക്കുന്നത്. ഈ അതിതീവ്ര ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ 18 പേരുടെ ജീവനുമെടുത്തു. ഇതുകൂടാതെ അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാപകമായ നാശമുണ്ടാക്കി. എന്നാല്‍ ചുഴലിക്കാറ്റിന് മുന്നോടിയായുള്ള രക്ഷാദൗത്യവും മാറ്റിപ്പാര്‍പ്പിക്കലുമാണ് വര്‍ദയെ തുടര്‍ന്നുള്ള നാശനഷ്‌ടങ്ങള്‍ ഒരു പരിധി വരെയെങ്കിലും നിയന്ത്രിക്കാനായത്.
    ഹുദ്‌ഹുദ് ചുഴലിക്കാറ്റ് അവശേഷിപ്പിച്ചത്
  • ഹുദ്‌ഹുദ് ചുഴലിക്കാറ്റ് : 2014 ഒക്‌ടോബർ 12ന് ആന്ധ്രാപ്രദേശിലെയും ഒഡിഷയിലെയും തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റാണ് ഹുദ്‌ഹുദ്. ഏകദേശം 124 പേരുടെ ജീവനെടുത്ത ഹുദ്‌ഹുദ്, കെട്ടിടങ്ങള്‍ക്കും റോഡുകൾക്കും ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള ശക്തമായ കാറ്റ്, കനത്ത മഴ, വെള്ളപ്പൊക്കം എന്നിവ കാരണം വിശാഖപട്ടണവും സമീപ പ്രദേശങ്ങളും ഏറെ ബുദ്ധിമുട്ടുകയും ചെയ്‌തിരുന്നു.
    ഫൈലിൻ ചുഴലിക്കാറ്റ് തീരം തൊടുന്നതിന് മുമ്പ്
  • ഫൈലിൻ ചുഴലിക്കാറ്റ് :2013 ഒക്‌ടോബർ 12 ന്, മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ഒഡിഷയിലെ ഗഞ്ചം ജില്ലയിലുള്ള ഗോപാൽപൂരിനടുത്താണ് ഫൈലിൻ തീരം തൊട്ടത്. ഒഡിഷയിലെ 18 ജില്ലകളിലെ 171 ബ്ലോക്കുകളിലായി 13.2 ദശലക്ഷം ആളുകളെ ഇത് വലച്ചു. 44 ആളുകള്‍ക്ക് ജീവഹാനിയും സംഭവിച്ചു. അടിസ്ഥാന സൗകര്യങ്ങളും കൃഷിയുമെല്ലാം അപ്പാടെ തകര്‍ത്തെങ്കിലും, ഫൈലിനെ കുറിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൃത്യമായ മുൻകൂർ മുന്നറിയിപ്പ് നല്‍കിയതും ഫലപ്രദമായ ദുരന്ത നിവാരണ നടപടികള്‍ സ്വീകരിച്ചതും ജീവഹാനി കുറയ്ക്കാൻ സഹായിച്ചു.
Last Updated : Jun 15, 2023, 9:12 PM IST

ABOUT THE AUTHOR

...view details