മൃതദേഹം സൈക്കിളില്‍ കയറ്റി മടങ്ങി ബന്ധുക്കള്‍ സുബര്‍ണപൂര്‍ (ഒഡിഷ):ആംബുലന്‍സ് വിട്ടുനല്‍കാത്തതിനാല്‍ വൃദ്ധയുടെ മൃതദേഹം സൈക്കിളില്‍ കയറ്റി വീട്ടിലേക്ക് മടങ്ങി കുടുംബം. ഒഡിഷയിലെ സുബർണപൂർ ജില്ലയിലെ ബിനികയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഈ രംഗം അരങ്ങേറിയത്. മൃതദേഹം കൊണ്ടുപോകുന്നതിനായി ആംബുലന്‍സിനായി അന്വേഷിച്ചപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും അനുകൂല മറുപടിയും നടപടിയുമുണ്ടാവാത്തതാണ് ബന്ധുക്കളെ മൃതദേഹം സൈക്കിളില്‍ കൊണ്ടുപോകാന്‍ നിര്‍ബന്ധിതരാക്കിയത്. ഒഡിഷ ആരോഗ്യമന്ത്രി നിരഞ്‌ജന പൂരിയുടെ സ്വന്തം ജില്ലയിലാണ് ഈ സംഭവം അരങ്ങേറുന്നത്.
സംഭവം ഇങ്ങനെ:മേഘാല ഗ്രാമത്തിലെ രുക്‌മിണി സാഹു എന്ന വൃദ്ധയെ കടുത്ത ചൂടിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് വെള്ളിയാഴ്‌ച ആശുപത്രിയിലെത്തിക്കുന്നത്. ബിനിക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച ഇവര്‍ ചികിത്സയ്‌ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ ആംബുലന്‍സിനായി ആശുപത്രി അധികൃതരെ സമീപിച്ചു. എന്നാല്‍ ആംബുലന്‍സ് ലഭ്യമല്ലെന്നായിരുന്നു ഇതിനുള്ള മറുപടി. പലരെയും കണ്ട് ഒരുപാട് തവണ പറഞ്ഞുനോക്കിയെങ്കിലും ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ ബന്ധുക്കള്‍ മൃതദേഹം തങ്ങളുടെ സൈക്കിളില്‍ കയറ്റി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
അതേസമയം ചികിത്സയ്‌ക്കിടെ ഇന്നലെ രാത്രിയോടെയാണ് രുക്‌മിണി സാഹു മരണപ്പെട്ടത്. നിര്‍ജലീകരണമായിരുന്നു മരണകാരണം. മൃതദേഹം അറ്റന്‍ഡര്‍മാരെ കൊണ്ട് ചുമക്കാനാണ് നിര്‍ദേശിച്ചതെങ്കിലും ബന്ധുക്കള്‍ സൈക്കിളില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നായിരുന്നു ബിനിക കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ഡോ. സന്തേഷ് ബിഭോറിന്‍റെ വിശദീകരണം.
Also read: പരിക്കേറ്റ മകനേയും കൊണ്ട് ആശുപത്രിയില്‍ പിതാവിന്‍റെ 'സ്‌കൂട്ടര്‍ സവാരി'; വാഹനവുമായി ലിഫ്‌റ്റുവഴി രണ്ടാംനിലയില്‍
മൃതദേഹം ഓട്ടോറിക്ഷയില്‍:കഴിഞ്ഞദിവസം മഹാരാഷ്‌ട്രയിലെ പൂനെയിലും ഏതാണ്ട് സമാനമായ സംഭവം നടന്നിരുന്നു. ശവമഞ്ചവും ആംബുലന്‍സും ലഭിക്കാത്തതിനാല്‍ വയോധികയുടെ മൃതശരീരം ബന്ധുക്കള്‍ ഓട്ടോറിക്ഷയില്‍ മോര്‍ച്ചറിയിലെത്തിക്കുകയായിരുന്നു. പൂനെയിലെ നവ മോദിക്കാന ക്യാമ്പ് ഏരിയയില്‍ നിന്ന് സമീപത്തെ മോര്‍ച്ചറിയിലേക്ക് എത്തിക്കാന്‍ വാഹനം ലഭിക്കാതായതോടെയാണ് 95 കാരിയുടെ മൃതശരീരം കുടുംബം ഓട്ടോറിക്ഷയിലെത്തിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച (12.06.2023) രാത്രിയിലായിരുന്നു സംഭവം നടന്നത്.
പ്രായാധിക്യത്താല്‍ മരണപ്പെട്ട വയോധികയുടെ ശരീരം സമീപത്തുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി മരണവീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് മൃതദേഹമെത്തിക്കാന്‍ ആംബുലന്‍സിനായും ശവമഞ്ചത്തിനായും അന്വേഷിച്ചുവെങ്കിലും ലഭിച്ചില്ല. വാഹനമുണ്ടെന്നും എന്നാല്‍ ഡ്രൈവറില്ലെന്നുമായിരുന്നു മറുപടികളത്രയും. ഇതോടെയാണ് മൃതദേഹം ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കളെ നിര്‍ബന്ധിതരാക്കിയത്.
തുടര്‍ന്ന് രാത്രി ഏറെ വൈകി മൃതദേഹവുമായി ആശുപത്രിയില്‍ എത്തിയെങ്കിലും മോര്‍ച്ചറി അടച്ചിരുന്നു. പിന്നീട് ഡ്യൂട്ടിലുണ്ടായിരുന്ന ജീവനക്കാരോടും ആശുപത്രി അധികൃതരോടും മാറി മാറി ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ കൈമലര്‍ത്തി. ഈ ആവശ്യവുമായി കുറച്ചുപേര്‍ മെഡിക്കല്‍ ഓഫിസറുടെ ബംഗ്ലാവിലേക്ക് പോയെങ്കിലും അടഞ്ഞുകിടക്കുന്നതിനാല്‍ ഫലമുണ്ടായില്ല. ഇതോടെ ആശുപത്രിയിലേക്ക് മടങ്ങിയെത്തിയ ബന്ധുക്കള്‍ മൃതദേഹം അല്‍പം അകലെയായുള്ള സാസൂന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ആംബുലന്‍സ് ജീവനക്കാരില്ലാത്തതാണ് ഈ ദുരവസ്ഥയ്‌ക്ക് കാരണമായതെന്നും ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും വിശദീകരണം നല്‍കി രക്ഷപ്പെടുകയായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രി അധികൃതര്‍.