ഹൈദരാബാദ് : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ഡിഎംകെ നേതാവുമായ ദയാനിധി മാരന്‍റെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ കവര്‍ന്ന് തട്ടിപ്പുസംഘം. നെറ്റ് ബാങ്കിങ്ങിലൂടെ 99,999 രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. ഇതുസംബന്ധിച്ച് ദയാനിധി മാരന്‍ തന്നെയാണ് തന്‍റെ എക്‌സ് അക്കൗണ്ടില്‍ വിവരങ്ങള്‍ പങ്കുവച്ചത്.
തട്ടിപ്പ് നടന്നതിങ്ങനെ : ആക്‌സിസ് ബാങ്കിലെ തന്‍റെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്നും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്-ബിൽഡെസ്ക് വഴിയുള്ള നെറ്റ് ബാങ്കിങ്ങിലൂടെ ഞായറാഴ്‌ചയാണ് (08.10.2023) 99,999 രൂപ മോഷ്‌ടിക്കപ്പെട്ടത്. ഇത് എല്ലാവിധ സാധാരണമായ സുരക്ഷ മാനദണ്ഡങ്ങളും മറികടന്നാണെന്നും ദയാനിധി മാരന്‍ എക്‌സില്‍ പങ്കുവച്ച നീണ്ട കുറിപ്പില്‍ അറിയിച്ചു.
ഇത്തരം ഇടപാടുകള്‍ക്കായുള്ള സ്‌റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോളായ ഒടിപി (One Time Password), ലിങ്ക് ചെയ്‌തിട്ടുള്ള എന്‍റെ മൊബൈല്‍ നമ്പറിലേക്ക് ജനറേറ്റ് ചെയ്യുകയോ എനിക്ക് ലഭിക്കുകയോ ചെയ്‌തിട്ടില്ല. പകരം അക്കൗണ്ടിന്‍റെ ജോയിന്‍റ് ഹോള്‍ഡറായ എന്‍റെ ഭാര്യയുടെ നമ്പറിലേക്ക് വിളിച്ച് ഇടപാട് നടന്നോ എന്ന് ചോദിക്കാനുള്ള ധൈര്യം തട്ടിപ്പുകാര്‍ക്ക് ഉണ്ടായി. @cbic_india എന്ന ഡിസ്‌പ്ലേ പിക്‌ചര്‍ കണ്ടതോടെ അവരും ബാങ്കില്‍ നിന്നാണെന്ന് കരുതിപ്പോയി. എന്നാല്‍ ഇത് എന്നില്‍ സംശയം ജനിപ്പിച്ചുവെന്നും അക്കൗണ്ടിന്‍റെ എല്ലാ പ്രവർത്തനങ്ങളും തടയാൻ ഉടൻ തന്നെ നടപടി സ്വീകരിച്ചതായും അദ്ദേഹം എക്‌സില്‍ കുറിച്ചു.
പാവങ്ങള്‍ എന്തുചെയ്യും :സാങ്കേതികവിദ്യയെക്കുറിച്ച് ബോധവാനും സ്വകാര്യ ഡാറ്റയിൽ ജാഗ്രത പുലർത്തുന്നതുമായ ഒരാൾക്കെതിരെ ഇത്തരത്തിൽ ഒരു തട്ടിപ്പ് നടത്താനാകുമ്പോൾ, തുടക്കക്കാരായ ഡിജിറ്റൽ ഉപയോക്താക്കളുടെയും മുതിർന്ന പൗരന്മാരുടെയും കാര്യമെന്താവുമെന്നും മുൻ യുപിഎ സർക്കാരിൽ കമ്മ്യൂണിക്കേഷൻസ് ആന്‍ഡ് ഐടി വകുപ്പ് കൈകാര്യം ചെയ്തിരുന്ന ദയാനിധി മാരൻ ചോദിച്ചു. അതുകൊണ്ടുതന്നെ ആ വിഷയത്തില്‍ കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നും ഉത്തരവാദിത്തവും നീതിയും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്‌തു.
ഞങ്ങൾക്ക് ശക്തമായ സുരക്ഷയും സർക്കാർ നടപടിയും ആവശ്യമാണ്. ഞങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദ്യമെറിഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്ര ധനകാര്യമന്ത്രിയും ധനകാര്യമന്ത്രാലയവും ഒരു ധവളപത്രം പുറത്തിറക്കുമോ എന്നും ദയാനിധി മാരന്‍ ചോദിച്ചു.