ശ്രീനഗര്‍:ഈദ് പ്രമാണിച്ച് കശ്മീരിലെ പലയിടങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ജനങ്ങളുടെ അനാവശ്യ ഒത്തുചേരല്‍ തടയാൻ സുരക്ഷാ സേന നഗരത്തിലെയും മറ്റ് ജില്ലാ ആസ്ഥാനങ്ങളിലെയും സുപ്രധാന റോഡുകൾ അടച്ച് ബാരിക്കേഡുകൾ സ്ഥാപിച്ചു. മാർക്കറ്റുകൾ അടയ്ക്കുകയും പൊതുഗതാഗതം നിര്‍ത്തുകയും ചെയ്തു.
അവശ്യസേവനങ്ങള്‍ മാത്രമേ ഈ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു എന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നഗരത്തിലെ പല സ്ഥലങ്ങളിലും താഴ്വരയിലെ മറ്റു പല പ്രദേശങ്ങളിലുമായി ഈദ് ഷോപ്പിങ്ങിനായി ആളുകൾ തടിച്ചുകൂടിയതിനെ തുടർന്നാണ് ബുധനാഴ്ച നിയന്ത്രണങ്ങൾ കർശനമാക്കിയതെന്ന് അധികൃതർ അറിയിച്ചു.
Also Read:കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ്; താനെയിൽ രണ്ട് പേർ മരിച്ചു
നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ലാൽ ചൗക്ക് ഉള്‍പ്പെടെ നഗരത്തിന്‍റെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച വൻ ഗതാഗതക്കുരുക്കായിരുന്നു. കൊവിഡ് കേസുകളുടെ വ്യാപനം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഏപ്രിൽ 29ന് ജമ്മു കശ്മീർ ഭരണകൂടം 11 ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. പിന്നീട് അടുത്ത ദിവസം തന്നെ 20 ജില്ലകളിലേക്കായി വ്യാപിപ്പിച്ചു.
മെയ് മൂന്നിന് രാവിലെ 7 മണിക്ക് അവസാനിക്കേണ്ടിയിരുന്ന കർഫ്യൂ ജമ്മു, ശ്രീനഗർ എന്നീ ഇരട്ട തലസ്ഥാനങ്ങളിലും, ബുഡ്ഗാം, ബാരാമുള്ള തുടങ്ങിയ ജില്ലകളിലും മെയ് 6 വരെ നീട്ടി. കൂടാതെ മറ്റ് ജില്ലകളിലും ആദ്യം നിയന്ത്രണങ്ങൾ മെയ് 6 വരെയും പിന്നീട് മെയ് 10 വരെയും നീട്ടാൻ അധികാരികള്‍ ഉത്തരവിട്ടിരുന്നു. ഇപ്പോള്‍ ഒടുവില്‍ മെയ് 17 വരെ നിയന്ത്രണങ്ങൾ വീണ്ടും നീട്ടി.