മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ കറാച്ചി നഗരത്തിലുള്ളതായുള്ള ബന്ധുവിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ദാവൂദിനെ കുറിച്ച് വീണ്ടുമൊരു വെളിപ്പെടുത്തലുമായി മറ്റൊരു സാക്ഷി. മാസം തോറും ദാവൂദ് തന്‍റെ സഹോദരങ്ങൾക്ക് 10 ലക്ഷം രൂപ വീതം അയച്ചു കൊടുത്തിരുന്നതായി തന്നോട് പറഞ്ഞിരുന്നതായി ഖാലിദ് ഉസ്‌മാൻ ഷെയ്‌ഖ് എന്നയാളാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് മുമ്പിൽ മൊഴി നൽകിയത്. ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ ഇഡി സമർപ്പിച്ച കുറ്റപത്രത്തിന്‍റെ ഭാഗമാണ് രണ്ട് സാക്ഷികളുടെയും മൊഴികൾ.
പുതിയ വെളിപ്പെടുത്തൽ:ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ ഇഖ്‌ബാൽ കസ്‌കർ വഴിയാണ് ദാവൂദ് ബന്ധുക്കൾക്ക് പണം നൽകുന്ന വിവരം താനറിഞ്ഞതെന്നും ഖാലിദ് പറഞ്ഞു. ഒന്നുരണ്ട് തവണ ഇഖ്‌ബാൽ അദ്ദേഹത്തിന്‍റെ പക്കലുള്ള പണക്കെട്ടുകൾ തന്നെ കാണിച്ചിരുന്നതായും അവ ദാവൂദ് ഭായിയിൽ നിന്നാണ് ലഭിച്ചതെന്ന് പറഞ്ഞതായും ഖാലിദ് ഇഡിയോട് വെളിപ്പെടുത്തി.
ദാവൂദിനെതിരെ അനന്തരവൻ:നേരത്തെ ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് ദാവൂദിന്‍റെ അനന്തരവനും ഹസീന പാർക്കറിന്‍റെ മകനുമായ അലിഷ പാർക്കറാണ് അന്വേഷണ ഏജൻസിക്ക് മുമ്പാകെ വെളിപ്പെടുത്തിയത്. ദാവൂദ് ഇബ്രാഹിം തന്‍റെ 'മാമു' (മാതൃസഹോദരൻ) ആണെന്നും 1986 വരെ ദാവൂദ് ദക്ഷിണ മുംബൈയിലെ ദംബർവാല ഭവനിലെ നാലാം നിലയിലാണ് താമസിച്ചിരുന്നതെന്നും അലിഷ പാർക്കർ ഉദ്യോഗസ്ഥരോട് പറഞ്ഞു.