മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിം വീണ്ടും തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമാകുന്നുവെന്ന് എൻഐഎ റിപ്പോർട്ട്. ദാവൂദ് ഇബ്രാഹിമും അടുത്ത സഹായി ഛോട്ടാ ഷക്കീലും പാകിസ്ഥാനിൽ നിന്ന് ദുബായ് വഴി സൂറത്തിലേക്കും അവിടെ നിന്ന് മുംബൈയിലേക്കും ഹവാല ഇടപാടിലൂടെ 25 ലക്ഷം രൂപയുടെ കള്ളപ്പണം അയച്ചുവെന്ന് എൻഐഎ പറയുന്നു. മുംബൈയിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനും സെൻസേഷണൽ സംഭവങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമാണ് ആരിഫ് ഷെയ്‌ഖ്, ഷബീർ ഷെയ്‌ഖ് എന്നിവർക്ക് പണം അയച്ചത് എന്ന് മുംബൈ കോടതിയിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
വിദേശ ഫണ്ടിങ്ങിലൂടെ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു; ദാവൂദ് ഇബ്രാഹിം വീണ്ടും സജീവമാകുന്നുവെന്ന് എൻഐഎ - കള്ളപ്പണം
മുംബൈയിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനും സെൻസേഷണൽ സംഭവങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഡി കമ്പനി 25 ലക്ഷം രൂപയുടെ കള്ളപ്പണം ഇന്ത്യയിലേക്ക് അയച്ചുവെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.
ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീൽ, ഇയാളുടെ ഭാര്യാസഹോദരൻ മുഹമ്മദ് സലിം ഖുറേഷി എന്ന സലിം ഫ്രൂട്ട്, ആരിഫ് അബൂബക്കർ ഷെയ്ഖ്, ഷബീർ അബൂബക്കർ ഷെയ്ഖ് എന്നിവർക്കെതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ സലിം ഫ്രൂട്ട്, ആരിഫ് അബൂബക്കർ ഷെയ്ഖ്, ഷബീർ അബൂബക്കർ ഷെയ്ഖ് എന്നിവർ അറസ്റ്റിലായിട്ടുണ്ട്. ഡി-കമ്പനിയിലെയും തീവ്രവാദ സംഘത്തിലെയും ക്രൈം സിൻഡിക്കേറ്റിലെയും അംഗങ്ങളായ പ്രതികൾ വിവിധ തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി അന്വേഷണ ഏജൻസി കണ്ടെത്തി. ക്രിമിനൽ പ്രവർത്തനങ്ങൾ തുടരുന്നതിനായി ഗൂഢാലോചന നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
ഏപ്രിൽ 29ന് മലാഡിലെ ഒരു ഹവാല ഓപ്പറേറ്ററിൽ നിന്ന് ആരിഫിന്‍റെ സാന്നിധ്യത്തിൽ ഷബീർ പണം കൈപ്പറ്റി. ഇതിൽ അഞ്ച് ലക്ഷം രൂപ ഷബീർ കൈയിൽ വയ്ക്കുകയും 20 ലക്ഷം രൂപ ആരിഫിന് കൈമാറുകയും ചെയ്‌തു. മെയ് ഒമ്പതിന് ഷബീറിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ച് എൻഐഎ ലക്ഷം രൂപ കണ്ടെത്തിയിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ ഡി കമ്പനിയുടെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഏകദേശം 12 കോടി രൂപയാണ് ആറാം സാക്ഷി വഴി ഹവാല ഇടപാടുകളിലൂടെ അയച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. സൂറത്ത് ആസ്ഥാനമായുള്ള ഹവാല ഓപ്പറേറ്ററാണ് ആറാം സാക്ഷി. സുരക്ഷാകാരണങ്ങളാലാണ് എൻഐഎ ഇയാളുടെ പേര് വെളിപ്പെടുത്താത്തത്.