ബാന്ദ (ഉത്തര്‍പ്രദേശ്):അമ്മയുടെ അപ്രതീക്ഷിത മരണത്തില്‍ നീതി തേടി പെണ്‍മക്കള്‍. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും ഇടപടല്‍ ആവശ്യപ്പെട്ട കുട്ടികള്‍ മാതാവ് ശ്വേത സിംഗ് ഗൗറിന്റെ (35) മരണം കൊലപാതകമാണെന്നും ആരോപിച്ചു. പിതാവും കുടുംബത്തിലെ മറ്റ് അംഗങ്ങളുമാണ് അമ്മയുടെ മരണത്തിന് കാരണമെന്ന് ഇടിവി ഭാരതിനോട് സംസാരിക്കവെ കുട്ടികള്‍ പറഞ്ഞു.
ഞങ്ങളുടെ അമ്മയുടെ മരണത്തിൽ മോദിജിയും യോഗിജിയും നീതിപുലർത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇന്നലെ രാവിലെ അച്ഛൻ അമ്മയെ കൊല്ലുമെന്ന് പറഞ്ഞിരുന്നു. അമ്മയുടെ മരണത്തിന് ഉത്തരവാദികൾ അച്ഛനും മുത്തശ്ശിയും മുത്തച്ഛനുമാണ്. വിവാഹമോചനം നടത്തി മറ്റൊരു സ്‌ത്രീയെ വിവാഹം കഴിക്കുമെന്ന് അച്ഛൻ അമ്മയെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും മകൾ വ്യക്തമാക്കി.
ബുധനാഴ്‌ച (27 ഏപ്രില്‍ 2022) രാവിലെയാണ് ബിജെപി മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്വേത സിംഗ് ഗൗറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ദിര നഗറിലെ വീട്ടില്‍ സംശായാസ്‌പദമായ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. യുവതിയുടെ മരണവാര്‍ത്ത പുറത്തായത് മുതല്‍ ഇവരുടെ ഭര്‍ത്താവ് ദീപക് സിംഗ് ഗൗർ ഒളിവിലാണ്.
പ്രാഥമിക അന്വേഷണത്തില്‍ ദമ്പതികള്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഇതുവരെ രക്തവും ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടില്ല. സ്‌ത്രീധന പീഡനത്തിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302,498-എ വകുപ്പുകള്‍ പ്രകാരം ശ്വേത ഗൗറിന്‍റെ ഭര്‍ത്താവ്, ഭര്‍തൃസഹോദരന്‍, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളതായി എസ്‌പി അഭിനന്ദന്‍ വ്യക്തമാക്കി.