മഥുര:വിവാഹിതയായ മകളുടെ ലെസ്‌ബിയൻ ബന്ധത്തിലെ എതിർപ്പിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി ആത്‌മഹത്യക്ക് ശ്രമിച്ച് യുവതിയുടെ അമ്മയും സഹോദരനും. ഉത്തർപ്രദേശിലെ മഥുരയിലെ പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്‌ചയാണ് ഇവർ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
രണ്ട് വർഷം മുൻപ് വിവാഹിതയായ യുവതി ഭർത്താവുമായി പിരിഞ്ഞ് മാതാപിതാക്കൾക്കൊപ്പമാണ് താമസം. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും അവരെ വിവാഹം കഴിക്കണമെന്നും യുവതി അറിയിച്ചോടെ ബന്ധുക്കൾ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു.
ഒന്നര വർഷം മുൻപാണ് യുവതി ഗൊരഖ്‌പൂരിലുള്ള മറ്റൊരു പെണ്‍കുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ യുവതിയുടെ ഈ ബന്ധത്തെ വീട്ടുകാർ ശക്‌തമായി എതിർത്തു.
ഇതിനിടെ വീട്ടുകാരിൽ നിന്ന് പിരിയണമെന്ന് ആവശ്യപ്പെട്ട് യുവതി അഭിഭാഷകൻ മുഖേന പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ചൊവ്വാഴ്‌ച വൈകിട്ട് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇതിനിടെ രോക്ഷാകുലരായ അമ്മയും സഹോദരനും പൊലീസ് സ്റ്റേഷനിൽ തന്നെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
എന്നാൽ പൊലീസിന്‍റെ അവസരോചിതമായ ഇടപെടലിനാൽ വലിയ അപകടങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. അതേസമയം യുവതി തന്‍റെ തീരുമാനത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണെന്നും അന്വേഷണത്തിന് ശേഷം തുടർ നടപടി എടുക്കുമെന്നും റൂറൽ എസ്‌പി ത്രിഗുൺ ബിസെൻ അറിയിച്ചു.