ലഖ്‌നൗ :ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ലങ്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മദര്‍വ്വ ഗ്രാമത്തിലായിരുന്നു ഉഷ ത്രിപാഠിയെന്ന സ്ത്രീ താമസിച്ചുപോന്നത്. ഒപ്പം അവരുടെ രണ്ട് പെണ്‍മക്കള്‍ വൈഷ്‌ണവിയും പല്ലവിയും. അമ്മ ഉഷ ത്രിപാഠി മരിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായെന്ന വസ്‌തുത പക്ഷേ പുറം ലോകം അറിഞ്ഞിരുന്നില്ല. ബുധനാഴ്‌ച (നവംബര്‍ 29) രാത്രിയാണ് തീര്‍ത്തും അപ്രതീക്ഷിതമായി അമ്മയുടെ ശവശരീരവുമായി കഴിയുന്ന രണ്ട് പെണ്‍മക്കളെ കണ്ടെത്തിയത്.
അമ്മ മരിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായിട്ടും ഇവര്‍ മൃതദേഹത്തോടൊപ്പം കഴിയുകയാണ്. നാട്ടുകാരും ബന്ധുക്കളുമൊക്കെ കരുതിയത് ഉഷ ത്രിപാഠി ജീവനോടെയുണ്ടെന്നായിരുന്നു. ബുധനാഴ്‌ച (നവംബര്‍) രാത്രിയാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ സംഭവം പുറംലോകമറിയുന്നത്. ഏതാണ്ട് 3 വര്‍ഷം മുമ്പ് ബലിയ സ്വദേശിയായ ഭര്‍ത്താവ് വേര്‍പിരിഞ്ഞുപോയ ശേഷം ഉഷ ത്രിപാഠിയും രണ്ട് പെണ്‍മക്കളും തനിച്ചായിരുന്നു താമസമെന്ന് അയല്‍വാസിയായ പപ്പു സിങ്ങ് പറഞ്ഞു.
കൃഷി ചെയ്‌താണ് അവര്‍ കുടുംബം പുലര്‍ത്തിപ്പോന്നത്. മദര്‍വ്വയിലേത് ഉഷ ത്രിപാഠിയുടെ അച്ഛന്‍റെ വീടാണ്. ഉഷയ്ക്ക് രണ്ട് സഹോദരിമാര്‍ കൂടിയുണ്ടെങ്കിലും അച്ഛന്‍ വീട് ഉഷയ്‌ക്ക് നല്‍കുകയായിരുന്നു. അതിന് ശേഷമാണ് അവര്‍ പെണ്‍മക്കളുമായി ഇവിടെ സ്ഥിര താമസമാക്കിയത്.
ഉഷ ത്രിപാഠിയുടെ രണ്ട് സഹോദരിമാര്‍ ലഖ്‌നൗവിലും മിര്‍സാപൂരിലുമായിരുന്നു. രണ്ട് മാസം മുമ്പ് ഒരു വിവാഹത്തിന് ക്ഷണിക്കാന്‍ ലഖ്‌നൗവിലെ സഹോദരി അച്ഛനോടൊപ്പം ഈ വീട്ടില്‍ വന്നു. ഉഷയുടെ രണ്ടുമക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും അവര്‍ ജനാല വരെ തുറക്കാന്‍ അന്ന് കൂട്ടാക്കിയിരുന്നില്ല. അര മണിക്കൂറോളം കാത്തിരുന്ന ശേഷം അച്ഛനും സഹോദരിയും മടങ്ങി.
ബുധനാഴ്‌ച (നവംബര്‍ 29) വീണ്ടും ഉഷയുടെ സഹോദരി സീമയും ഭര്‍ത്താവ് ധര്‍മേന്ദ്രയും ഈ വീട്ടിലെത്തി. ഏറെ നേരം വിളിച്ചിട്ടും കതകില്‍ തട്ടിയിട്ടും യാതൊരു പ്രതികരണവും ഇല്ലാതെ വന്നതോടെ വീണ്ടും ഇവര്‍ മടങ്ങുകയായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ക്ക് സംശയമായത്. അടുത്തുള്ള ലങ്ക പൊലീസ് സ്റ്റേഷനില്‍ നാട്ടുകാര്‍ വിവരം അറിയിച്ചു. പൊലീസെത്തിയതോടെയാണ് എല്ലാ കഥകളുടേയും ചുരുളഴിഞ്ഞത്.
എന്നാല്‍ 6 മാസം മുമ്പ് സംശയം തോന്നിയ തങ്ങള്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നുവെന്ന് അയല്‍വാസിയായ സ്‌ത്രീ പറഞ്ഞു. എന്നാല്‍ കാര്യം അറിയിച്ചിട്ടും പൊലീസിന്‍റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. സംഭവം അറിഞ്ഞ് ഉഷ ത്രിപാഠിയുടെ ബന്ധുക്കളും സ്ഥലത്തെത്തിയെങ്കിലും ഈ വിചിത്ര സംഭവത്തെപ്പറ്റി പ്രതികരിച്ചില്ല. വിവരം അറിഞ്ഞ് ദൂര ദിക്കുകളില്‍ നിന്നുപോലും ആളുകള്‍ ഈ വീട്ടിലേക്കെത്തി.
ഈ കുട്ടികള്‍ അമ്മ മരിച്ചത് പുറം ലോകത്തെ അറിയിക്കാതെ മറച്ചുവച്ചത് എന്തിനെന്നും മരിച്ച അമ്മയുടെ മൃതദേഹം സംസ്‌കരിക്കാതെ എന്തിന് ഒപ്പം സൂക്ഷിച്ചു എന്നതിനും ഉത്തരം കിട്ടേണ്ടതുണ്ട്. അന്ത്യ കർമങ്ങൾ പോലും നടത്താതെ അമ്മയുടെ മൃതദേഹം ഒളിപ്പിച്ചുവച്ച പെണ്‍മക്കളുടെ മാനസിക നിലയെക്കുറിച്ച് പരിസര വാസികള്‍ക്ക് ഭീതിയുമുണ്ട്.