ന്യൂഡല്‍ഹി: പിതാവുമായി ബന്ധം നിലനിര്‍ത്താത്ത മകള്‍ക്ക് വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ അച്ഛനോട് പണം ആവശ്യപ്പെടാനാകില്ലെന്ന് സുപ്രീം കോടതി. വിവാഹമോചനക്കേസിൽ വിധി പറയുന്നതിനിടെയാണ് പരമോന്നത കോടതിയുടെ നിരീക്ഷണം. പിതാവുമായി ബന്ധം നിലനിര്‍ത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മകൾക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ പിതാവുമായി ബന്ധം നിലനിർത്താൻ തയ്യാറല്ലെങ്കിൽ പണം ആവശ്യപ്പെടാൻ മകള്‍ക്ക് കഴിയില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം.എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
1998ൽ വിവാഹിതരായ ദമ്പതികൾ 2002ൽ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. ഭർത്താവിനൊപ്പം ജീവിക്കാൻ വിസമ്മതിച്ച ഭാര്യ, തന്നെ ഭര്‍ത്താവ് പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തതായി ആരോപിച്ചിരുന്നു. ഇരുവര്‍ക്കും 2001ല്‍ മകള്‍ ജനിച്ചു. അമ്മയോടൊപ്പമാണ് ജനനം മുതല്‍ മകള്‍ താമസിക്കുന്നത്.