ഹൈദരാബാദ്: ഡിജിറ്റല്‍ ലോകത്ത് ഒരു ചുഴലിക്കാറ്റ് തന്നെയാണ് കൊവിഡ് മഹാമാരി ഉണ്ടാക്കിയത്. ചിന്തിക്കാനാകാത്ത വേഗതയില്‍, ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് പെട്ടെന്ന് ഒരു ഡിജിറ്റല്‍ രൂപ പരിണാമമാണ് കൊവിഡ് നല്‍കിയത്. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ വളരെ കുറഞ്ഞ സമയം കൊണ്ട് ഉണ്ടായിരിക്കുന്ന കുത്തനെയുള്ള ഉയര്‍ച്ച ഓണ്‍ലൈന്‍ സുരക്ഷാ വീഴ്‌ചകളേയും തുറന്നു കാട്ടിയിരിക്കുന്നു. ഓണ്‍ലൈന്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷിതത്വത്തിന് വലിയ ഭീഷണികളാണ് ഈ മാറ്റം സൃഷ്‌ടിച്ചിരിക്കുന്നത്.
ബിഗ് ഡാറ്റാ, ഡാറ്റാ മൈനിങ്ങ്, ഡാറ്റാ ഹാര്‍വെസ്റ്റിങ്ങ്, ഡാറ്റാ പ്രൈവസി, ഡാറ്റാ ബ്രീച്ച് എന്നിങ്ങനെ വ്യക്തി വിവരങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള വൈവിധ്യമാര്‍ന്ന പരാമര്‍ശങ്ങള്‍ ഇപ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ ഡിജിറ്റല്‍ ലോകത്ത് ചര്‍ച്ചാ വിഷയമായിരിക്കുന്ന കാര്യങ്ങളാണ്. ഇവയെല്ലം തന്നെ ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്ക് മുന്നില്‍ നിലവില്‍ തന്നെ ഉണ്ടായിരുന്ന കാര്യങ്ങളായിരുന്നു. പക്ഷെ ആരും അതത്ര ഗൗനിച്ചിരുന്നില്ല. എന്നാല്‍ വാട്‌സാപ്പ് തങ്ങളുടെ കൈവശമുള്ള ഉപയോക്താക്കളുടെ വിവരങ്ങള്‍ മാതൃകമ്പനിയായ ഫെയ്‌സ്ബുക്കുമായി പങ്കുവെക്കുമെന്ന ആശയമാണ് ഈ പ്രശ്‌നങ്ങളെ വീണ്ടും ഏറ്റവും പ്രസക്തമുള്ള കാര്യങ്ങളാക്കി മാറ്റിയിരിക്കുന്നത്. ഡാറ്റാ ശാസ്ത്ര ആക്റ്റിവിസ്റ്റുകളുടേയും എത്തിക്കല്‍ ഹാക്കര്‍മാരുടെ അല്ലെങ്കില്‍ ഇൻ്റര്‍നെറ്റ് സുരക്ഷാ ഗവേഷകരുടേയും സര്‍ക്കാരിൻ്റെയും സംയുക്ത ശ്രമങ്ങളിലൂടെ വാട്‌സാപ്പിനെ പ്രസ്‌തുത നീക്കത്തില്‍ നിന്നും പിറകോട്ടടിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ പുതിയ നയം അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള കാലാവധി അവര്‍ ഫെബ്രുവരി എട്ടിൽ നിന്നും മേയ് 15-ലേക്ക് നീട്ടിയിരിക്കുന്നു.
ഡാറ്റാ സ്വകാര്യത അല്ലെങ്കില്‍ വ്യക്തി വിവരങ്ങളുടെ ലംഘനം ഒരു പുതിയ കാര്യമൊന്നുമല്ല. ഓണ്‍ലൈന്‍ സേവനങ്ങളുടെ വരിക്കാരാകുന്ന ആര്‍ക്കും സംഭവിക്കാവുന്ന ഒന്നുതന്നെയാണിത്. ഡാറ്റ ചോരല്‍ അല്ലെങ്കില്‍ ഡാറ്റ ലംഘനത്തിന് ലോകത്തങ്ങോളമിങ്ങോളമുള്ള ആരും ഇരകളാകാം. എന്നാല്‍ ഒരു നിയമവും, അത്തരം കുറ്റകൃത്യങ്ങളോടുള്ള ഇരകളുടെ സമീപനവുമാണ് ഇവിടെ കാര്യങ്ങള്‍ വ്യത്യസ്‌തമാക്കുന്നത്. ഇന്ത്യയിലെ സൈബര്‍ വിദഗ്‌ധര്‍ ശക്തമായ ഒരു നയമോ നിയമമോ ഇല്ലാത്തതിനെ എപ്പോഴും പഴി പറയാറുണ്ട്. അതിലൊക്കെ ഉപരി സ്വന്തം ഡിജിറ്റല്‍ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ പൊതുവായുള്ള ഒരു അലസതയെയാണ് അവര്‍ കൂടുതല്‍ കുറ്റപ്പെടുത്തുന്നത്.
ഒരു സമൂഹ മാധ്യമ മാനേജ്‌മെൻ്റ് പ്ലാറ്റ്‌ഫോമായ ഹ്യൂട്ട്‌സ്യൂട്ട് നല്‍കുന്ന വിവരപ്രകാരം ലോകത്ത് ഇൻ്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 4.66 ബില്ല്യണ്‍ (466 കോടി) ആയിക്കഴിഞ്ഞിരിക്കുന്നു. ഇത് ലോക ജനസംഖ്യയുടെ ഏതാണ്ട് 53 ശതമാനം വരും. ഇതില്‍ നിന്നും ഉയര്‍ന്ന നിരക്കില്‍ ലോകം എത്രത്തോളം ഡാറ്റകള്‍ അല്ലെങ്കില്‍ വിവരങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു എന്നതിൻ്റെ ഒരു വ്യക്തമായ ചിത്രം ലഭിക്കും. അതിനാല്‍ സ്ഥാപനങ്ങള്‍ക്ക് അവരുടെ ബിസിനസ് നേട്ടങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാൻ കഴിയുന്ന നിശ്ചിത ഘടനയുള്ളതും ഘടനയില്ലാത്തതുമായ ഡാറ്റകള്‍ എത്രയെന്ന് ഒരുപോലെ നിരന്തരമായി വിശകലനം ചെയ്യേണ്ട ആവശ്യം ഉണ്ട്. ഡിജിറ്റല്‍ പരസ്യങ്ങളില്‍ നിന്നും, ഇൻ്റര്‍നെറ്റ് ഗവേഷണ രീതികളില്‍ നിന്നും, ഗെയിമിങ്ങ്, യാത്രാ മേഖലകള്‍, ആരോഗ്യ പരിപാലനം, വാര്‍ത്താവിനിമയം, ചില്ലറ വില്‍പന, ധനകാര്യ സേവനങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയ വൈവിധ്യമാര്‍ന്ന കാര്യങ്ങളില്‍ നിന്നും ഉരുത്തിരിയുന്നവയാണ് ഈ ഡാറ്റകള്‍. വ്യക്തിപരമായ വിവരങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ഗുരുതരമായ ഉല്‍കണ്‌ഠകളാണ് ഇതെല്ലാം ഉയര്‍ത്തുന്നത്.
എന്താണ് ഡാറ്റാ സ്വകാര്യതാ അല്ലെങ്കില്‍ വിവര സ്വകാര്യത?
ഓണ്‍ലൈന്‍ സേവനങ്ങള്‍ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി ,പ്രത്യേകിച്ച് ധനകാര്യ ഇടപാടുകള്‍, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം എന്നിങ്ങനെയുള്ള സമാനമായ നിരവധി സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍, ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പേര്, വയസ്, മേല്‍ വിലാസം തുടങ്ങി ഒട്ടനവധി സൂക്ഷ്‌മമായ സ്വകാര്യ വിശദാംശങ്ങള്‍ പോലുള്ള അടിസ്ഥാന വിവരങ്ങള്‍ പങ്കുവെക്കേണ്ടി വരുന്നു. ഇൻ്റര്‍നെറ്റില്‍ മറ്റുള്ളവര്‍ക്ക് ഒരു വ്യക്തിയുടെ വ്യക്തിപരമായ വിവരങ്ങള്‍ എപ്പോള്‍, എങ്ങനെ, എത്രത്തോളം മറ്റൊരാള്‍ക്ക് പങ്കുവെക്കാനോ അല്ലെങ്കില്‍ ആശയവിനിമയം നടത്തുവാനോ കഴിയും എന്നതാണ് ഡാറ്റാ സ്വകാര്യതയെ നിര്‍ണയിക്കുന്നത്.
ഡാറ്റാ ലംഘനം എത്രത്തോളം അപകടകരമാണ്?
ഈ ഡിജിറ്റല്‍ യുഗത്തില്‍ ഡാറ്റ സ്വകാര്യത എന്നുള്ളത് ഏതാണ്ട് അപ്രസക്തമായ ഒരു കാര്യമായി മാറി കഴിഞ്ഞിരിക്കുന്നു. കാരണം നമ്മളില്‍ മിക്കവരും നമുക്ക് സേവനങ്ങള്‍ നല്‍കുന്നവര്‍ക്ക് നമ്മുടെ വ്യക്തിപരമായ വിവരങ്ങള്‍ നിലവില്‍ തന്നെ നല്‍കി കഴിഞ്ഞിരിക്കുന്നു. എന്നാല്‍ നമ്മള്‍ ഇങ്ങനെ പങ്കുവെച്ച വിവരങ്ങള്‍ ലംഘിക്കപ്പെട്ടോട്ടെ എന്ന് ഇതിനൊന്നും അർഥമില്ല എന്നുള്ള കാര്യം നമ്മളെപ്പോഴും മനസില്‍ കരുതേണ്ടതുണ്ട്. കരുതിക്കൂട്ടിയോ അല്ലാതേയോ ഡാറ്റാ ലംഘനം സംഭവിക്കാവുന്നതാണ്. എന്നാല്‍ സേവന ദാതാവിന് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തം ഉണ്ട്.
ഉദ്ദേശം ചോദ്യം ചെയ്യപ്പെടുമ്പോള്‍
ചില വ്യക്തിപരമായ വിവരങ്ങള്‍ നമ്മള്‍ പങ്കുവെക്കേണ്ടി വരും എന്ന വസ്‌തുത മുന്നിലുണ്ടെങ്കിലും പല ആപ്പുകളും അവര്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ വിവരങ്ങള്‍ ഉപയോക്താക്കളില്‍ നിന്നും ദുഷ്‌ടലാക്കോടെ ശേഖരിക്കുകയും തുടർന്ന് അത് ഒരു മൂന്നാം കക്ഷിക്ക് പങ്കുവെക്കുകയോ വില്‍ക്കുകയോ ചെയ്യുന്നു. 2020-ല്‍ പുറത്തു വന്ന രണ്ട് പ്രമുഖ വ്യക്തിവിവര ചോര്‍ചകളെ കുറിച്ച് നമ്മെ ഓര്‍മിപ്പിക്കുകയാണ് ഇൻ്റര്‍നെറ്റ് സുരക്ഷാ ഗവേഷകനായ രാജ്ശേഖര്‍ രഝാരിയ.
കഴിഞ്ഞ വര്‍ഷം മെയില്‍ സൈബര്‍ സുരക്ഷാ കമ്പനിയായ സൈബിള്‍ ഹാക്കിങ് ഫോറങ്ങളില്‍ ഒരു ഹാക്കര്‍ 2.3 ജി.ബി വരുന്ന (സിപ്പ് ചെയ്‌തത്) ഫയല്‍ പോസ്റ്റ് ചെയ്തു എന്ന് അവകാശപ്പെട്ടു. തൊഴില്‍ തേടുന്ന ഏതാണ്ട് മൂന്ന് കോടി ഇന്ത്യക്കാരുടെ വ്യക്തിപരമായ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ ഫയല്‍. ഇ-മെയില്‍, ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍, മേല്‍ വിലാസങ്ങള്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിങ്ങനെ ന്യൂഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലന്വേഷകരുടെ വളരെ നിര്‍ണായകമായ വിവരങ്ങളാണ് ഇങ്ങനെ അപകടകരമായ രീതിയില്‍ പങ്കുവെക്കപ്പെട്ടത്. “വിവരങ്ങളുട ബാഹുല്യവും വിശദാംശങ്ങളും വെച്ചുനോക്കുമ്പോള്‍ വ്യക്തിവിവരണ രേഖ അല്ലെങ്കില്‍ റെസ്യൂമുകള്‍ ശേഖരിക്കുന്ന ഒരു സേവന ദാതാവില്‍ നിന്നും പുറപ്പെട്ട വിവരങ്ങളാണ് ഇതെന്ന് തോന്നുന്നു,'' തങ്ങളുടെ ബ്ലോഗില്‍ സൈബിള്‍ പറയുകയുണ്ടായി.
70 ലക്ഷം ഇന്ത്യന്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ ഫോണ്‍ നമ്പറുകളും ഇ-മെയില്‍ വിലാസങ്ങളും അടക്കമുള്ള വ്യക്തിപരമായ വിശദാംശങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിതരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് കഴിഞ്ഞ ഡിസംബറില്‍ രഝാരിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. “ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വില്‍ക്കുവാനായി ബാങ്കുകള്‍ കരാര്‍ നല്‍കിയ മൂന്നാംകക്ഷി സേവന ദാതാക്കളില്‍ നിന്നായിരിക്കാം ഇവ പുറത്തായത്'' എന്ന് അദ്ദേഹം അവകാശപ്പെടുന്നു. പേര്, ഇ-മെയിലുകള്‍, ക്രെഡിറ്റ്, ഡെബിറ്റ്, പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ എന്നിങ്ങനെയുള്ള ഏറെ മൂല്യമുള്ള ധനകാര്യ വിവരങ്ങളാണ് ചോര്‍ന്നത്.
കരുതിക്കൂട്ടിയല്ല, പക്ഷെ അപകടകരം
തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമാക്കി വെക്കുവാന്‍ വേണ്ടത്ര ജാഗ്രത കാട്ടുകയോ അല്ലെങ്കില്‍ അതിനുതക്കവണ്ണം ഫലപ്രദമായ രീതിയില്‍ രൂപകല്‍പന ചെയ്തതോ ആയിരിക്കില്ല പലപ്പോഴും ഓണ്‍ലൈന്‍ സേവന ദാതാക്കള്‍ അല്ലെങ്കില്‍ അവരുടെ ആപ്പുകള്‍. അങ്ങനെ വരുമ്പോഴാണ് ഡാറ്റാ സ്വകാര്യത ലംഘിക്കപ്പെടുന്നത്. അത്തരം ആപ്പുകള്‍ വളരെ എളുപ്പം ഹാക്കര്‍മാരുടെ ഇരകളായി മാറും. അതുവഴി വ്യക്തിപരമായ വിവരങ്ങള്‍ വളരെ എളുപ്പം ഹാക്കര്‍മാര്‍ നേടിയെടുത്ത് പൊതു ഇടങ്ങളില്‍ പ്രസിദ്ധീകരിക്കും.