ന്യൂഡൽഹി:ഇന്ത്യയുമായുള്ള റാഫേൽ യുദ്ധവിമാന ഇടപാടിലെ അഴിമതി ആരോപണം തള്ളി ഫ്രഞ്ച് ദസോൾട്ട് ഏവിയേഷൻ. റാഫേൽ യുദ്ധവിമാന കരാറിൽ ഇന്ത്യയിൽ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോൾട്ട് ഏവിയേഷൻ കമ്പനി ഒരു മില്ല്യൺ യൂറോ നൽകിയെന്നായിരുന്നു ആരോപണം.
റാഫേൽ കരാറിൽ ഇന്ത്യയിൽ നിന്നുള്ള ഇടനിലക്കാരന് ദസോൾട്ട് തുക കൈമാറിയതായി ഫ്രഞ്ച് അഴിമതി നിയന്ത്രണ ഏജൻസിയായ ഫ്രാൻഷിയൈസാണ് (എ.എഫ്.എ) റിപ്പോർട്ട് ചെയ്തത്. റാഫേൽ ജെറ്റിന്‍റെ 50 മോഡലുകൾ നിർമിക്കാനാണ് തുക കൈമാറിയതെന്നായിരുന്നു ദസോൾട്ടിന്‍റെ വിശദീകരണം. എന്നാൽ ഇതിന് കൃതമായ തെളിവുകൾ നൽകുന്നതിലും ദസോൾട്ട് പരാജയപ്പെട്ടിരുന്നു.
2000ത്തിൽ പ്രവർത്തനമാരംഭിച്ച ദസോൾട്ട് ഏവിയേഷൻ അഴിമതി തടയുന്നതിനായി കർശനമായ നടപടിക്രമങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും ദസോൾട്ട് അധികൃതർ പറഞ്ഞു. ഇന്ത്യൻ വ്യോമസേനയ്ക്ക് ഇതുവരെ 14 റാഫേൽ ജെറ്റുകൾ കമ്പനി എത്തിച്ചിട്ടുണ്ട്.
ദസോൾട്ട് ഏവിയേഷനും റിലയൻസ് ഗ്രൂപ്പും 2017 ൽ ദസോൾട്ട് റിലയൻസ് എയ്‌റോസ്‌പേസ് ലിമിറ്റഡ് (ഡിആർഎഎൽ) സംയുക്ത സംരംഭം ആരംഭിക്കുകയും നാഗ്പൂരിൽ ഒരു പ്ലാന്‍റ് നിർമിക്കുകയും ചെയ്തു. ദസോൾട്ട് ഏവിയേഷനും അതിന്‍റെ അനുബന്ധ ശാഖകളും ഇന്ത്യയിലെ 60 കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇന്ത്യൻ എയ്‌റോസ്‌പേസ് മേജർ ദസോൾട്ട് ഏവിയേഷനിൽ നിന്ന് 36 റാഫേൽ ജെറ്റുകൾ വാങ്ങുന്നതിനായി എൻഡിഎ സർക്കാർ 2016 സെപ്റ്റംബർ 23 ന് 59,000 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു. കോൺഗ്രസ് കരാറിൽ അഴിമതി ആരോപിക്കുകയും നിരവധി ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും എൻഡിഎ സർക്കാർ അത് തള്ളുകയായിരുന്നു.