സഹർസ (ബിഹാർ): സഹായം അഭ്യർഥിച്ചെത്തിയ സ്ത്രീയെ കൊണ്ട് ശരീരത്തിൽ മസാജ് ചെയ്യിപ്പിക്കുന്ന ബിഹാറിലെ ദർഹാർ ഔട്ട്പോസ്റ്റിലെ എസ്എച്ച്ഒ ശശിഭൂഷൺ സിൻഹയുടെ ദൃശ്യങ്ങൾ പുറത്ത്. ജയിലിൽ കഴിയുന്ന മകനെ മോചിപ്പിക്കാൻ സഹായമഭ്യർഥിച്ച് എത്തിയ സ്ത്രീയെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. സ്ത്രീ വളരെ ദരിദ്രയാണെന്നും ഏതോ കേസിൽ ജയിലിൽ അടക്കപ്പെട്ട മകന്‍റെ മോചനത്തിന് സഹായം ആവശ്യമാണെന്നും അഭിഭാഷകനോട് സിൻഹ ഫോണിൽ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സഹായം ആവശ്യപ്പെട്ടെത്തിയ സ്ത്രീയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച് പൊലീസുകാരൻ; വീഡിയോയിൽ കുടുങ്ങി - ദർഹാർ ഔട്ട്പോസ്റ്റ് എസ്എച്ച്ഒ ശശിഭൂഷൺ സിൻഹ
ജയിലിൽ കഴിയുന്ന മകനെ മോചിപ്പിക്കാൻ സഹായമഭ്യർഥിച്ച് എത്തിയ സ്ത്രീയെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.
ആധാർ, ഫോൺ നമ്പർ, വിലാസം തുടങ്ങിയ അവശ്യ രേഖകളുമായി രണ്ട് സ്ത്രീകളെ അഭിഭാഷകന്‍റെ പക്കലേക്ക് അയക്കാമെന്നും ഫോണിലൂടെ സിൻഹ പറയുന്നു. താൻ ഇതുവരെ സ്ത്രീയെ സഹായിക്കാനായി 10,000 രൂപ മുടക്കിയെന്നും ഇവരെ സഹായിക്കാനായി അഭിഭാഷകന് ആവശ്യമായ പണം താൻ നൽകാമെന്നും സിൻഹ പറയുന്നു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരാണ് മുറിയിലുള്ളതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഒരു സ്ത്രീ സിൻഹയുടെ ശരീരത്തിൽ മസാജ് ചെയ്യുമ്പോൾ അടുത്ത സ്ത്രീ സിൻഹയുടെ മുൻപിൽ ഇരിക്കുകയാണ്. ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിച്ച സദർ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ സന്തോഷ് കുമാർ വിഷയത്തിൽ ഇതിനകം അന്വേഷണം നടത്തിയെന്നും നടപടിക്കായി റിപ്പോർട്ട് പൊലീസ് സൂപ്രണ്ടിന് സമർപ്പിച്ചുവെന്നും പറഞ്ഞു.