ദന്തേവാഡ (ഛത്തീസ്‌ഗഡ്): ദന്തേവാഡയിൽ 10 പൊലീസുകാരുൾപ്പെടെ 11 പേരെ കൊലപ്പെടുത്തിയ സ്‌ഫോടനത്തിൽ സ്‌ഫോടക വസ്‌തുവായ ഇപ്രൊവൈസ്‌ഡ് എക്‌സ്‌പ്ലോസിവ് ഡിവൈസ് (ഐഇടി) മാവോയിസ്റ്റുകൾ രണ്ട് മാസം മുന്നേ പ്രദേശത്ത് സ്ഥാപിച്ചിരുന്നതായി പൊലീസ്. സ്‌ഫോടക വസ്‌തുക്കളുമായി ബന്ധിപ്പിച്ച കമ്പിയുടെ മുകളിലുണ്ടായിരുന്ന മണ്ണിൽ പുല്ല് വളർന്നിരുന്നുവെന്നും അതിനാൽ രണ്ടോ അതിലധികം മാസങ്ങൾക്കോ മുൻപാണ് സ്ഥലത്ത് സ്‌ഫോടക വസ്‌തുക്കൾ സ്ഥാപിച്ചതെന്നുമാണ് പ്രാഥമിക പരിശോധനയിൽ വ്യക്‌തമായതെന്നും പൊലീസ് അറിയിച്ചു.
ഏകദേശം 40-50 കിലോഗ്രാം ഭാരമുള്ള സ്‌ഫോടക വസ്‌തു ഉപയോഗിച്ചിട്ടുണ്ടെന്നും റോഡരികിൽ തുരങ്കം തുരന്ന് റോഡിന് മൂന്ന് മുതൽ നാല് അടി വരെ താഴ്‌ചയിലാണ് സ്‌ഫോടക വസ്‌തുക്കൾ സ്ഥാപിച്ചിരുന്നതെന്നും ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് പൊലീസ് സുന്ദർരാജ് പറഞ്ഞു. ആക്രമണത്തിന് ഒരു ദിവസം മുമ്പ് ഇതേ റോഡിൽ നിന്ന് ഒരു കുഴിബോംബ് നീക്കം ചെയ്‌തിരുന്നു. എന്നാൽ ഐഇഡി പോലുള്ള മാരകമായ സ്‌ഫോടക വസ്‌തുക്കൾ അന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇക്കാര്യവും അന്വേഷിക്കുന്നതായും സുന്ദർരാജ് അറിയിച്ചു.
ബുധനാഴ്‌ച നടന്ന അപകടത്തിൽ 10 സൈനികരും തദ്ദേശ വാസിയായ ഡ്രൈവറും ഉൾപ്പെടെ 11 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം ദർഭ ഡിവിഷനു കീഴിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റുകളുടെ മലംഗീർ ഏരിയ കമ്മിറ്റിയാണ് ആക്രമണത്തിന് പിന്നിലെന്നും ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് മാവോയിസ്റ്റുകൾക്കായി ഇപ്പോഴും തെരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്.
ദർഭ ഡിവിഷനിലെ മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് ചൊവ്വാഴ്‌ച രാത്രി ദന്തേവാഡ ജില്ല ആസ്ഥാനത്ത് നിന്ന് സിആർപിഎഫിലെയും സംസ്ഥാന പൊലീസിന്‍റെ ഡിആർജിയിലെയും 200 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ ഓപ്പറേഷൻ ആരംഭിച്ചിരുന്നു. ബുധനാഴ്‌ച രാവിലെ അരൺപൂരിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ സുരക്ഷ ഉദ്യോഗസ്ഥരും നക്‌സലൈറ്റുകളും തമ്മിൽ വെടിവയ്‌പ്പുണ്ടാവുകയും രണ്ട് നക്‌സലൈറ്റുകളെ പിടികൂടുകയും ചെയ്‌തിരുന്നു.