അൽവാർ : 'ദി കശ്‌മീർ ഫയൽസ്' ചിത്രത്തെ വിമര്‍ശിച്ച് സമൂഹ മാധ്യമത്തില്‍ കമന്‍റിട്ടതിന് രാജസ്ഥാനില്‍ ദലിത് യുവാവിന് നേരെ ജാതീയ അധിക്ഷേപവും അതിക്രമവും സിനിമയെ കുറിച്ച് മോശം കമന്‍റിട്ടുവെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെക്കൊണ്ട് ക്ഷേത്രമുറ്റത്ത് മൂക്കുരപ്പിച്ചു. അൽവാർ ജില്ലയിലെ ഗോകുൽപൂര്‍ സ്വദേശി രാജേഷ് മേഘ്‌വാളിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഒരു സ്വകാര്യ ബാങ്കിൽ സീനിയർ സെയിൽസ് മാനേജരായി ജോലി ചെയ്യുകയാണ് രാജേഷ് മേഘ്‌വാൾ. കശ്‌മീരി പണ്ഡിറ്റുകൾ നേരിട്ട അനീതിയും പീഡനവും തുറന്നുകാട്ടുന്ന 'ദി കശ്‌മീർ ഫയൽസ്' എന്ന ചിത്രത്തെക്കുറിച്ച് തന്‍റെ അഭിപ്രായം സമൂഹമാധ്യമം വഴി പറയുക മാത്രമാണ് ചെയ്‌തതെന്ന് രാജേഷ് മേഘ്‌വാൾ പറയുന്നു.
'ദി കശ്‌മീർ ഫയൽസി'നെ വിമർശിച്ചതിന് ആൾകൂട്ട അതിക്രമം കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്‌തതിന് പിന്നാലെ അധിക്ഷേപം : പണ്ഡിറ്റുകൾ മാത്രമാണോ വിവേചനം നേരിട്ടത്, ദലിത് സമൂഹവും വിവേചനം നേരിട്ടിട്ടുണ്ട്. എന്നാൽ അത് മോദി സർക്കാരിന് അദൃശ്യമാണെന്നായിരുന്നു കമന്‍റ്. 'ജയ് ഭീം', 'ശൂദ്ര : ദി റൈസിങ്' തുടങ്ങിയ സിനിമകളും 'ദി കശ്‌മീർ ഫയൽസ്' പോലെ നികുതി രഹിതമാക്കാത്തത് എന്തുകൊണ്ടാണെന്നും മോദി സർക്കാരിനോട് ചോദിച്ചിരുന്നുവെന്ന് രാജേഷ് പ്രതികരിച്ചു.
'മീശയുടെ പേരിൽ ദിവസങ്ങൾക്ക് മുമ്പ് ജിതേന്ദ്ര മേഘ്‌വാൾ എന്നയാൾ രാജസ്ഥാനിൽ കൊല്ലപ്പെട്ടിരുന്നു. അത് അനീതിയായിരുന്നില്ലേ? സമൂഹമാധ്യമത്തിൽ ഞാൻ പോസ്റ്റുകൾ പങ്കുവച്ചപ്പോഴെല്ലാം എന്നെ പ്രതികൂലിക്കുന്നവർ വന്ന് 'ജയ് ശ്രീ റാം', 'ജയ് ശ്രീ കൃഷ്‌ണ' എന്നിങ്ങനെ കമന്‍റിട്ടുകൊണ്ട് പ്രകോപിപ്പിക്കാൻ ശ്രമിച്ചു.
ASLO READ:ലോക്‌സഭയില്‍ ഇന്ധന വില വര്‍ധനവിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം നയിച്ച് സോണിയ
ഇതിനെ തുടർന്ന് പല ഹിന്ദു ദൈവങ്ങളെക്കുറിച്ചും ചില സംശയങ്ങൾ കമന്‍റിലൂടെ ഞാൻ ഉന്നയിച്ചിരുന്നു. എന്നാൽ ഉടൻ തന്നെ ക്ഷമാപണം നടത്തുകയും കമന്‍റിലൂടെ ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ആഗ്രഹിച്ചിട്ടില്ലെന്നും അറിയിച്ചു. എന്നിട്ടും അവ നിരവധി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിക്കപ്പെടുകയും എന്‍റെ വിമർശനത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുള്ളതായി വരുത്തിത്തീർക്കുകയും ചെയ്തു. ഒരു വ്യക്തിക്ക് ഏതൊരു മതവും പിന്തുടരാനും പിന്തുടരാതിരിക്കാനും അവകാശമുണ്ട്'- രാജേഷ് വ്യക്തമാക്കി.
രാജഷിനെ ഗ്രാമത്തിലെ ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തിയ ഒരു സംഘം, അദ്ദേഹത്തെക്കൊണ്ട് തറയിൽ ബലമായി മൂക്കുരപ്പിക്കുകയായിരുന്നു. ആൾക്കൂട്ട വിചാരണ നേരിട്ടതിനെ തുടർന്ന് രാജേഷ് പൊലീസിൽ പരാതി നൽകി. കുറ്റാരോപിതർക്കെതിരെ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഓഫിസര്‍ ഇന്‍ ചാര്‍ജ് ഷുനി ലാൽ മീണ അറിയിച്ചു.