നല്‍ഗൊണ്ട:തെലങ്കാനയിൽ ജാതിക്കൊല. ഇതര ജാതിയിൽ പെട്ട യുവതിയെ പ്രണയിക്കുകയും വിവാഹം കഴിക്കണമെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്ത ദലിത് യുവാവിനെ യുവതിയുടെ ബന്ധുക്കൾ ചേർന്ന് അതിക്രൂരമായി കൊല്ലുകയായിരുന്നു. ത്രിപുരാറാം മണ്ഡലത്തിലെ അണ്ണാരം ഗ്രാമത്തിലെ ഇരിഗി നവീൻ (21) ആണ് കൊല്ലപ്പെട്ടത്. നൽഗൊണ്ട ജില്ലയിലെ നിഡമാനൂർ മണ്ഡലത്തിൽ ഞായറാഴ്ച വൈകിട്ടാണ് അതിക്രൂരമായ സംഭവം.
സംഭവം നടന്നതിങ്ങനെ: അണ്ണാരം ഗ്രാമത്തിലെ ഇരിഗി നവീനും (21) അതേ ഗ്രാമത്തിലെ 20 കാരിയായ യുവതിയും നാലുവർഷമായി പ്രണയത്തിലായിരുന്നു. നവീൻ മിരിയാലഗുഡയിൽ കാർ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. നവീൻ ദലിത് വിഭാഗത്തിൽ നിന്നായതിനാൽ തന്നെ യുവതിയുടെ ബന്ധുക്കൾക്ക് വിവാഹത്തിൽ താത്പര്യം ഉണ്ടായിരുന്നില്ല. അടുത്തിടെ നവീന്‍ ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നവീൻ സുഖം പ്രാപിച്ച് വരികയായിരുന്നു.
യുവതിയുടെ ബന്ധുക്കളായ നവദീപ്, മണിദീപ്, ശിവപ്രസാദ് എന്നിവർ നവീനെ ഫോണിൽ വിളിച്ച് യുവതിയെ മറക്കണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. യുവതിയുടെ വീട്ടുകാരെ കണ്ട് വിവാഹത്തിന് സമ്മതിക്കണം എന്ന് അഭ്യർഥിക്കാൻ ഞായറാഴ്ച നവീനും സുഹൃത്തുക്കളായ അണ്ണാറം സ്വദേശി ഈറ്റ അനിലും നിഡമാനൂർ ഗുണ്ടിപ്പള്ളി സ്വദേശി പൽവായ് തിരുമാലും ചേർന്ന് എത്തിയിരുന്നു.