ജൗൻപൂർ: പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് ദളിത് കൗമാരക്കാരന് നേരെ അക്രമം (Dalit teenager beaten). തങ്ങളുടെ കുടുംബത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് ഉത്തർ പ്രദേശിലെ ജൗൻപൂർ ജില്ലയിൽ നിന്നുള്ള ദളിത് കൗമാരക്കാരനെ ഒരു സംഘം യുവാക്കൾ ചേര്‍ന്ന് മർദിച്ച് മൂത്രം കുടിപ്പിച്ചു (Drink urine for alleged molestation). അക്രമികൾ ഇയാളുടെ പുരികം പറിച്ചെടുക്കുകയും (eyebrows plucked out) വായിൽ മണ്ണ് നിറയ്ക്കുകയും (stuffed soil into his mouth) ചെയ്‌തു. കൗമാരക്കാരന്‍റെ പിതാവിനെയും ആള്‍ക്കൂട്ടം അക്രമിച്ചു.
ജൗൻപൂരിലെ സുജൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ പിതാവും അക്രമിച്ച സംഘവും പരസ്‌പരം പോലീസിൽ പരാതി നൽകി. മർദ്ദനവും മനുഷ്യത്വരഹിതമായ പെരുമാറ്റവും സംബന്ധിച്ച് കുട്ടിയുടെ പിതാവ് പരാതിപ്പെട്ടപ്പോൾ, കൗമാരക്കാരൻ തങ്ങളുടെ ബന്ധുവിനെ പീഡിപ്പിച്ചതായി യുവാക്കളും ആരോപിച്ചു. ഇരുവിഭാഗത്തിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഓരോ കക്ഷിയിൽ നിന്നും ഒരാൾ ഉൾപ്പെടെ രണ്ട് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
സുഹൃത്തിനെ സൈക്കിളിൽ വീട്ടിലേക്ക് ഇറക്കി മടങ്ങുമ്പോൾ ഷെഖ്‌പൂർ ഖുതാനി ഗ്രാമത്തിലെ പെട്രോൾ പമ്പിന് സമീപം മൂന്ന് നാല് യുവാക്കൾ കുട്ടിയെ തടഞ്ഞുനിർത്തുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പരാതിയിൽ പറഞ്ഞു. യുവാക്കൾ മകനെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്‌തതായും പറഞ്ഞു. തുടർന്ന്, അവർ അവനെ അടുത്തുള്ള കുളത്തിലേക്ക് വലിച്ചിഴച്ച് വെള്ളത്തിൽ മുക്കി വായിൽ മണ്ണ് നിറച്ചു. നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും കൈകൾ കൊണ്ട് തന്‍റെ പുരികം ബലമായി പറിച്ചെടുക്കുകയും ചെയ്‌തുവെന്നും തന്നെയും സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചതായും പറഞ്ഞു.