ബല്ലിയ(ഉത്തർപ്രദേശ്): ബൈക്കിൽ സ്‌പർശിച്ചു എന്നാരോപിച്ച് ദലിത് വിദ്യാർഥിയെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. അധ്യാപകനായ കൃഷ്‌ണ മോഹൻ ശർമയെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്. ഉത്തർപ്രദേശിലെ നാഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ റാണൗപൂരിലെ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.
വെള്ളിയാഴ്‌ചയാണ് (02.09.2022) ആറാം ക്ലാസുകാരനായ ദലിത് വിദ്യാർഥി കൃഷ്‌ണ മോഹൻ ശർമയുടെ ബൈക്കിൽ സ്‌പർശിച്ചത്. ഇതിൽ പ്രകോപിതനായ ശർമ വിദ്യാർഥിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട ശേഷം ഇരുമ്പ് വടി കൊണ്ടും, ചൂലുകൊണ്ടും ക്രൂരമായി മർദിക്കുകയായിരുന്നു. സ്‌കൂളിലെ മറ്റ് ജീവനക്കാർ എത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.