ന്യൂഡല്‍ഡി: ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ഫോട്ടോ പങ്കുവച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്‌ത് ട്വിറ്റര്‍. കമ്പനിയുടെ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ കഴിഞ്ഞ ദിവസം ട്വിറ്റര്‍ ഇന്ത്യയ്ക്ക് നോട്ടിസ് അയച്ചിരുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നത് പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് നിയമങ്ങളെ ലംഘിക്കുന്നുവെന്ന് നോട്ടിസില്‍ കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.
ഫോട്ടോ നീക്കം ചെയ്യാനും കമ്മിഷന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി പൊലീസിനോടും ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു.
Read more: ഡല്‍ഹിയില്‍ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി
ഡല്‍ഹി കന്‍റോണ്‍മെന്‍റ് മേഖലയിലെ ശ്‌മശാനത്തില്‍ ഞായറാഴ്‌ചയാണ് ബലാത്സംഗത്തിനിരയായി ഒമ്പത് വയസുകാരി കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ബുധനാഴ്‌ച രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു.
ദളിത് പെണ്‍കുട്ടി രാജ്യത്തിന്‍റെ കൂടി മകളാണെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ അവളുടെ മാതാപിതാക്കള്‍ക്കൊപ്പമുണ്ടെന്നും ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തിരുന്നു.
കുറിപ്പിനൊപ്പം മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രവും രാഹുല്‍ പങ്കുവച്ചു. വാഹനത്തിനുള്ളിലിരിക്കുന്ന മാതാപിതാക്കളുടെ മുഖം ചിത്രത്തില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്‍റെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയതിനെതിരെ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.