ജയ്‌പൂര്‍ (രാജസ്ഥാന്‍ ):കോച്ചിങ് ക്ലാസിലേക്ക് പോവുകയായിരുന്ന 20 കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലുണ്ടായ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്‌തു. അതേസമയം സംഭവത്തിലെ മുഴുവന്‍ പ്രതികളെയും അറസ്‌റ്റ് ചെയ്‌ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇരയുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചു.
സംഭവം ഇങ്ങനെ :ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച പകല്‍ കോച്ചിങ് ക്ലാസിലേക്ക് തിരിച്ച യുവതി പതിവായി മടങ്ങുന്ന സമയം കഴിഞ്ഞും എത്താതിരുന്നതോടെയാണ് യുവതിയുടെ പിതാവ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് അന്ന് വൈകുന്നേരം തന്നെ ഖജുവാല മേഖലയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. യുവതി ക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തിയതോടെയാണ് കുറ്റവാളികളിലേക്ക് അന്വേഷണം നീളുന്നത്.
വിശദീകരണവുമായി പൊലീസ് :സംഭവത്തിന് പിന്നില്‍ കോണ്‍സ്‌റ്റബിള്‍മാരായ മനോജ്, ഭഗീരഥ് എന്നിവരുടെ സാന്നിധ്യം കണ്ടെത്തിയതോടെ ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയും ഇവര്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുക്കുകയും ചെയ്‌തതായി ഇൻസ്പെക്‌ടർ ജനറൽ (ഐജി) ഓം പ്രകാശ് അറിയിച്ചു. സംഭവം അറിഞ്ഞയുടന്‍ എസ്‌പി തേജസ്വനി ഗൗതമും സംഘവും സംഭവസ്ഥലത്തെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്‌ധരും നേരിട്ടെത്തി തെളിവുകള്‍ ശേഖരിച്ചുവരികയാണ്. അതേസമയം യുവതിക്കുനേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ ഇവരുടെ കൂടെ മറ്റ് യുവാക്കളുണ്ടെന്നറിയിച്ച് കുടുംബവും രംഗത്തെത്തി.
സംഭവത്തെക്കുറിച്ച് ഇരയുടെ പിതാവ് പറയുന്നതിങ്ങനെ : മകൾ കമ്പ്യൂട്ടർ സെന്‍ററില്‍ കോച്ചിങ്ങിനായി പോകാറുണ്ടായിരുന്നു. സംഭവദിനം പതിവ് സമയം കഴിഞ്ഞും മകളെ കാണാതായതോടെ തങ്ങള്‍ അങ്കലാപ്പിലായിരുന്നു. ഈ സമയത്താണ് മകൾ പരിക്കേറ്റ നിലയിൽ ഖജുവാല ആശുപത്രിയിലുണ്ടെന്നറിയിച്ച് ഫോൺകോള്‍ എത്തുന്നത്. താന്‍ അവിടെയെത്തിയപ്പോഴേക്കും അവളുടെ മരണം സംഭവിച്ചിരുന്നു. പ്രതി ചേര്‍ക്കപ്പെട്ട രണ്ട് കോൺസ്‌റ്റബിൾമാർക്കൊപ്പം ദിനേശ് എന്ന മറ്റൊരു യുവാവും പെൺകുട്ടിയെ പിന്തുടരുന്നത് പതിവായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ആരോപണങ്ങളും പ്രത്യാരോപണങ്ങളും :എന്നാല്‍ പൊലീസുകാരെ പിരിച്ചുവിടുന്നതിന് പകരം സസ്‌പെൻഡ് ചെയ്‌ത നടപടിയില്‍ യുവതിയുടെ ബന്ധുക്കൾ അമർഷത്തിലാണ്. രണ്ട് കോൺസ്‌റ്റബിൾമാരെയും ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. മുൻ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ അരവിന്ദ് സിങ് ഷെഖാവത്തിനെതിരെയും ബന്ധുക്കൾ ആരോപണമുയര്‍ത്തി. ശെഖാവത്തിന്‍റെ യാത്രയയപ്പ് പാർട്ടി സംഘടിപ്പിച്ചത് പ്രതികളാണെന്നാണ് യുവതിയുടെ കുടുംബം ഉയര്‍ത്തുന്ന ആരോപണം. അതേസമയം ഉദ്യോഗസ്ഥർക്കെതിരായ ആരോപണം തെളിയിക്കപ്പെട്ടാൽ അവരെ പിരിച്ചുവിടാമെന്നാണ് പൊലീസിന്‍റെ വിശദീകരണം. സംഭവത്തില്‍ ദിനേശ് ബിഷ്‌ണോയ്, മനോജ്, ഭഗീരഥ് എന്നിവര്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും പട്ടിക ജാതി പട്ടിക വര്‍ഗ നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.
സംഭവത്തെ അപലപിച്ചും ഭരണപക്ഷമായ കോണ്‍ഗ്രസിനെ വിമര്‍ശിച്ചും ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയും രംഗത്തെത്തി. ബിക്കാനീറിലെ ഖജുവാലയില്‍ ദളിത് യുവതിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കുന്നു. ആരുടെ ചുമലിലാണോ സ്‌ത്രീ സുരക്ഷയുടെ ഉത്തരവാദിത്തമുള്ളത്, അവരാണ് ദുഷ്പ്രവൃത്തിയില്‍ പങ്കാളിയായത്. അതുകൊണ്ടുതന്നെ അതിലും ലജ്ജാകരമായ മറ്റൊന്നില്ല എന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.