ഹസൻ: ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുതിർന്ന ബിജെപി നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ. നിലവിൽ ബംഗളുരു നോർത്തിൽ നിന്നുള്ള ലോക്സഭാംഗമാണ് ഗൗഡ. കഴിഞ്ഞ ദിവസം ഹസനിലാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ സദാനന്ദ ഗൗഡ തന്‍റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇനി തുടരേണ്ടതില്ലെന്നാണ് തീരുമാനം. ബി എസ് യദ്യൂരപ്പ കഴിഞ്ഞാൽ പാർട്ടിയിൽ നിന്ന് എല്ലാ ഗുണങ്ങളും കിട്ടിയ ആളാണ് താൻ. മുപ്പത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ പാർട്ടി തനിക്ക് വേണ്ടതെല്ലാം തന്നുവെന്നും അദ്ദേഹം പറഞ്ഞു. വരൾച്ച ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുപ്പത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ പത്ത് വർഷം നിയമസഭാംഗം ആയിരുന്നു. ഇരുപത് വർഷം പാർലമെന്റംഗമായി. ഒരു വർഷം മുഖ്യമന്ത്രിയായും പ്രവർത്തിച്ചു. ഒന്നരവർഷം നിയമസഭയിൽ പ്രതിപക്ഷ നേതാവായി. അഞ്ച് വർഷം പ്രതിപക്ഷ ഉപനേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നാലര വർഷക്കാലം പാർട്ടി അധ്യക്ഷനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ കേന്ദ്രമന്ത്രിയായി. പാർട്ടി തനിക്കെല്ലാം തന്നു. ഇനി ഒന്നും വേണ്ട. ഇനി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇല്ല ഗൗഡ വ്യക്തമാക്കി.