കേരളം

kerala

ETV Bharat / bharat

ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്‌ത്രി വാഹനാപകടത്തില്‍ മരിച്ചു - former chairman of Tata sons Cyrus Mistry is dead

ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്‌ത്രി വാഹനാപകടത്തില്‍ മരിച്ചു. ടാറ്റ ഗ്രൂപ്പിന്‍റെ ആറാമത്തെ ചെയര്‍മാനായിരുന്നു സൈറസ് മിസ്‌ത്രി. മുംബൈക്ക് സമീപം പാൽഘറില്‍ ദേശീയ പാതയിലുണ്ടായ അപകടത്തിലാണ് അന്ത്യം

cyrus mistry death in accident  Cyrus Mistry died in accident  Cyrus Mistry  ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍  ടാറ്റ ഗ്രൂപ്പ്  രത്തന്‍ ടാറ്റ
ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്‌ത്രി വാഹനാപകടത്തില്‍ മരിച്ചു

By

Published : Sep 4, 2022, 4:50 PM IST

Updated : Sep 4, 2022, 6:11 PM IST

മുംബൈ:ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്‌ത്രി വാഹനാപകടത്തില്‍ മരിച്ചു. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് വരുന്ന വഴി പാൽഘറിലെ ദേശീയ പാതയിലുണ്ടായ അപകടത്തിലാണ് അന്ത്യം. കാറില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാളും മരിച്ചിട്ടുണ്ട്.

സൈറസ് മിസ്‌ത്രി വാഹനാപകടത്തില്‍ മരിച്ചു

വൈകിട്ട് 3.15ഓടെയാണ് സംഭവം. സൂര്യ നദിക്ക് കുറുകെയുള്ള പാലത്തില്‍ വച്ച് കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു.

മിസ്‌ത്രിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസ റൂറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റുരണ്ടുപേര്‍ ഗുജറാത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ടാറ്റാ ഗ്രൂപ്പിന്‍റെ മുന്‍ ചെയര്‍മാന്‍: ടാറ്റ ഗ്രൂപ്പിന്‍റെ ആറാമത്തെ ചെയര്‍മാനായിരുന്നു സൈറസ് മിസ്‌ത്രി. ടാറ്റ ഗ്രൂപ്പിന്‍റെ ഇന്ത്യക്കാരനല്ലാത്ത ആദ്യ ചെയര്‍മാനും മിസ്‌ത്രിയായിരുന്നു. രത്തന്‍ ടാറ്റ വിരമിച്ചതിനു ശേഷം 2012 ഡിസംബറിലാണ് സൈറസ് മിസ്‌ത്രി ടാറ്റ ഗ്രൂപ്പിന്‍റെ ചെയര്‍മാനായി ചുമതലമേറ്റത്. 2016 ഒക്‌ടോബറില്‍ ചെയര്‍മാന്‍ സ്ഥനത്തുനിന്നും മിസ്‌ത്രിയെ നീക്കിയിരുന്നു.

സപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ്:ടാറ്റ ഗ്രൂപ്പിന്‍റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്‍റെ ഓഹകരികളില്‍ ഏറിയ പങ്കും സൈറസ് മിസ്‌ത്രിയുടെ അച്ഛനായ ഐറിഷ് നിര്‍മാണ വ്യവസായി പല്ലോന്‍ജി മിസ്‌ത്രിയുടെതായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളില്‍ ഒന്നായ സപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്‍റെ ചെയര്‍മാനായിരുന്നു പല്ലോന്‍ജി മിസ്‌ത്രി.

ടാറ്റ ഗ്രൂപ്പിനെതിരെ നിയമ പോരാട്ടം: ടാറ്റ സണ്‍സും സൈറസ് മിസ്‌ത്രിയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മിസ്‌ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്‌തതിനെതിരെ അദ്ദേഹം കമ്പനിക്ക് എതിരെ ഏറെനാള്‍ നിയമ പോരാട്ടം നടത്തിയിരുന്നു. നിരവധി തവണ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും മിസ്‌ത്രിയും ടാറ്റ സണ്‍സും തമ്മിലുള്ള തര്‍ക്കം സുപ്രീം കോടതിയില്‍ എത്തി. ടാറ്റ ഗ്രൂപ്പിന്‍റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മിസ്‌ത്രിയെ നീക്കം ചെയ്യാനുള്ള കമ്പനിയുടെ തീരുമാനം ശരിവച്ച 2021ലെ കോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് സപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

1968 ജൂലൈ 4നാണ് സൈറസ് പല്ലോന്‍ജി മിസ്‌ത്രി എന്ന സൈറസ് മിസ്‌ത്രിയുടെ ജനനം. ഐറിഷ് പൗരനാണ് മിസ്‌ത്രി. വിദ്യാഭ്യാസം കൊണ്ട് ഒരു സിവില്‍ എഞ്ചിനീയറാണ് സൈറസ് മിസ്‌ത്രി.

പ്രധാനമന്ത്രി അനുശോചിച്ചു:54കാരനായ മിസ്‌ത്രിയുടെ വിയോഗത്തില്‍ നിരവധി പ്രമുഖര്‍ അനുശോചിച്ചു. 'സൈറസ് മിസ്ത്രിയുടെ ആകസ്‌മിക വിയോഗം ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയുടെ സാമ്പത്തിക മികവിൽ വിശ്വസിച്ചിരുന്ന വ്യവസായ പ്രമുഖനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വിയോഗം വാണിജ്യ വ്യവസായ ലോകത്തിന് വലിയ നഷ്‌ടമാണ്. കുടുംബത്തിന്‍റെയും സുഹൃത്തുക്കൾക്കളുടെയും വേദനയില്‍ പങ്കു ചേരുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി നേരുന്നു', പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു.

'സൈറസ് മിസ്ത്രിയുടെ പെട്ടെന്നുള്ള വേർപാടിൽ അഗാധമായ വേദനയും ഞെട്ടലും. ഇന്ത്യൻ വ്യവസായത്തിന് അതിന്‍റെ തിളങ്ങുന്ന താരങ്ങളിൽ ഒരാളെ നഷ്‌ടപ്പെട്ടു, ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്ക് സംഭാവനകൾ നൽകിയത് എക്കാലവും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്‍റെ ഹൃദയംഗമമായ അനുശോചനം', കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ ട്വീറ്റ് ചെയ്‌തു.

Last Updated : Sep 4, 2022, 6:11 PM IST

ABOUT THE AUTHOR

...view details