മുംബൈ : വാഹനാപകടത്തിൽ മരിക്കുമ്പോൾ ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി സഞ്ചരിച്ചിരുന്ന കാറിന്‍റെ ഇലക്ട്രോണിക് കൺട്രോൾ മൊഡ്യൂൾ (ഇസിഎം) വിശകലനത്തിനായി ജർമനിയിലേക്ക് അയയ്ക്കാൻ തീരുമാനിച്ച് മെഴ്‌സിഡസ് ബെൻസ്. കമ്പനിയുടെ റിപ്പോർട്ട് ലഭിച്ചാൽ കാറിന്‍റെ മെക്കാനിക്കൽ തകരാർ, ഡ്രൈവറുടെ പിശക് തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്ന് കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്‌ചയോടെ റിപ്പോർട്ട് ലഭിക്കാനാണ് സാധ്യത.
കാർ മണിക്കൂറിൽ 130-140 കിലോമീറ്റർ വേഗതയിലായിരുന്നുവെന്നാണ് പ്രചരിച്ച റിപ്പോർട്ടുകൾ. എന്നാൽ ഇസിഎം വിശകലന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അപകടം നടക്കുമ്പോഴുണ്ടായിരുന്ന കാറിന്‍റെ വേഗതയെ കുറിച്ച് കൃത്യമായ വിവരം ലഭിക്കൂവെന്ന് മെഴ്‌സിഡസ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നും മെഴ്‌സിഡസ് ബെൻസ് ഇന്ത്യ വ്യക്തമാക്കി.
എന്താണ് ഇസിഎം? :ബ്രേക്ക് തകരാർ പോലുള്ള സാങ്കേതിക പ്രശ്‌നങ്ങൾ മനസിലാക്കാൻ സഹായിക്കുന്നതാണ് മിക്ക ആഡംബര കാറുകളിലുമുള്ള ഇസിഎം. എഞ്ചിന്‍റെ മികച്ച പ്രകടനം ഉറപ്പാക്കാൻ ആന്തരിക ജ്വലന എഞ്ചിനിലെ ആക്യുവേറ്ററുകളുടെ ശ്രേണി നിയന്ത്രിക്കുന്ന ഒരു ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റാണ് എഞ്ചിൻ കൺട്രോൾ മൊഡ്യൂൾ അഥവാ ഇസിഎം. എഞ്ചിൻ ബേയ്‌ക്കുള്ളിലെ അനേകം സെൻസറുകളിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ മൾട്ടിഡൈമെൻഷണൽ പെർഫോമൻസ് മാപ്പുകൾ ഉപയോഗിച്ച് ഡാറ്റ വിശകലനം ചെയ്‌താണ് പ്രശ്‌നങ്ങൾ മനസിലാക്കുന്നത്.