ഭുവനേശ്വർ:ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഒഡീഷയിലെ എല്ലാ തീരദേശങ്ങളിലും, സമീപ ജില്ലകളിലും അതീവ ജാഗ്രത നിർദേശം നൽകി ഒഡീഷ ചീഫ് സെക്രട്ടറി സുരേഷ് ചന്ദ്ര മഹാപത്ര. ചുഴലിക്കാറ്റിനെ പ്രതിരോധിക്കുന്ന ഷെൽട്ടറുകളും സുരക്ഷിത കെട്ടിടങ്ങളും കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞതായും ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനും ആവശ്യമായതെല്ലാം ക്രമീകരിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ALSO READ:ബാർജ് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 35-75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി
ചുഴലിക്കാറ്റിന്‍റെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഇന്നലെ എൻഡിആർഎഫ്, കോസ്റ്റ് ഗാർഡ്, ഐഎൻഎസ് ചിലിക, ഡിജി പോലീസ്, ഡിജി ഫയർ സർവീസ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി. ചുഴലിക്കാറ്റിനെ നേരിടാൻ മുഴുവൻ ഭരണകൂടവും പൂർണ്ണമായും തയ്യാറാണ്. അടുത്ത രണ്ട്-മൂന്ന് ദിവസങ്ങളിൽ ചുഴലിക്കാറ്റിന്‍റെ സഞ്ചാര പാതയെക്കുറിച്ച് കൂടുതൽ വ്യക്തമാകുമെന്നതിനാൽ, എവിടെയാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് തീരുമാനിക്കാൻ കഴിയുമെന്നും മഹാപത്ര പറഞ്ഞു.
ALSO READ:ബ്ലാക്ക് ഫംഗസ്; ചികിത്സക്ക് ആന്‍റിഫംഗലുമായി എംഎസ്‌എൻ ലബോറട്ടറീസ്
39 പേർ ഒഴികെ കടലിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധന വകുപ്പ് മുന്നറിയിപ്പ് സംവിധാനത്തിലൂടെ തിരിച്ചുകൊണ്ടുവന്നിട്ടുണ്ടെന്നും ശനിയാഴ്ചയോടെ അവർ കരയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രത്യേക ദുരിതാശ്വാസ കമ്മീഷണർ പ്രദീപ് കെ ജെന പറഞ്ഞു. ഇന്ത്യൻ തീരസംരക്ഷണ സേനയുടെ രണ്ട് വിമാനങ്ങളും കപ്പലുകളും പട്രോളിംഗ് നടത്തുന്നുണ്ടെന്നും മറ്റ് കപ്പലുകൾ, മത്സ്യബന്ധന ബോട്ടുകൾ എന്നിവ ചുഴലിക്കാറ്റിന് മുമ്പായി കരയിലേക്ക് വരണമെന്നും ജെന കൂട്ടിച്ചേർത്തു.