ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ പാർട്ടിയുടെ പാർലമെന്‍റ് അംഗങ്ങളുമായും സംസ്ഥാന ഭാരവാഹികളുമായും ഇന്ന് കൂടിക്കാഴ്ച നടത്തും. വീഡിയോ കോൺഫറൻസിങിനൂടെയാണ് കൂടിക്കാഴ്ച നടത്തുക. യോഗം ഇന്ന് വൈകുന്നേരം 5: 30 ന് ആരംഭിക്കും. യാസ് ചുഴലിക്കാറ്റിന്‍റെ ഭാഗമായുണ്ടാകുന്ന ദുരന്തത്തെ നേരിടാൻ പോകുന്ന സംസ്ഥാനങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉന്നതതല യോഗം ചേര്‍ന്നിരുന്നു.
നാവിക സേനയുടെ നാലു കപ്പലുകൾക്ക് രക്ഷാപ്രവർത്തനത്തിന് തയ്യാറായിരിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് തീരം തൊടുന്ന ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിലേക്ക് സൈന്യം കൂടുതൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഈസ്റ്റ് കോസ്റ്റ് റെയിൽവേ 10 സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് ‘യാസ്’ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ കണക്കുകൂട്ടൽ. യാസ് മെയ് 26ന് രാവിലെ പശ്ചിമ ബംഗാളിനും വടക്കന്‍ ഒഡീഷ തീരത്തിനുമിടയില്‍ എത്തിച്ചേരും. അന്ന് വൈകുന്നേരത്തോടെ പശ്ചിമ ബംഗാളിനും ഒഡീഷയുടെ വടക്കന്‍ തീരത്തിനുമിടയില്‍ കരയില്‍ പ്രവേശിക്കാനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.