ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 99 ടീമുകളെ ഒഡീഷ,പശ്ചിമ ബംഗാൾ, ആന്ധ്ര പ്രദേശ്, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളില്‍ വിന്യസിച്ചതായി സേനയുടെ ഡയറക്ടർ ജനറൽ എസ്എൻ പ്രധാൻ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read Also…..യാസ് ചുഴലിക്കാറ്റ്; ന്യൂനമർദ്ദം അതിതീവ്രമായി, കനത്ത ജാഗ്രത
18 ഓളം എൻഡിആർഎഫ് ടീമുകളെ ഒഡിഷയിൽ മാത്രം വിന്യസിച്ചിട്ടുണ്ട്. ബാലസോറിൽ ഏഴ് ടീമുകൾ, ഭദ്രക്കിൽ 4, കേന്ദ്രപടയിൽ 3, ജജ്പൂരിൽ 2, ജഗത്സിംഗ്പൂർ, മയൂർഭഞ്ച് എന്നിവിടങ്ങളിൽ ഓരോ ടീമിനെ വിന്യസിച്ചിട്ടുണ്ട്. എൻഡിആർഎഫിന്‍റെ കണക്കനുസരിച്ച് നാല് ടീമുകളെ അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ മാറ്റിവെച്ചിട്ടും ഉണ്ട്.
രാജ്യത്തൊട്ടാകെയുള്ള 950 ദേശീയ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥരെ രംഗത്തിറക്കി ദുരന്തത്തിന്‍റെ ആഘാതം ലഘൂകരിക്കാനുള്ള ഒരുക്കങ്ങള്‍ സായുധ സേന ആരംഭിച്ചു. 26 ഹെലികോപ്റ്ററുകൾ അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യാസിച്ചിട്ടുണ്ട്. പരദീപിനും സാഗർ ദ്വീപിനുമിടയിൽ വെച്ച് യാസ് തീരംതൊടുമെന്ന് മുതിർന്ന ശാസ്ത്രജ്ഞൻ ഉമാശങ്കർ ദാസ് പറഞ്ഞു.