തിരുവനന്തപുരം : അറബിക്കടലില്‍ രൂപം കൊണ്ട തേജ് ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ് (Cyclone Tej Expected to Transform Into Very Severe Cyclonic Storm). കേന്ദ്ര കാലാവസ്ഥ വകുപ്പാണ് (India Meteorological Department) മുന്നറിയിപ്പ് നൽകിയത്. ഇപ്പോൾ യെമനിലെ സൊകോത്രയിൽ (Socotra, Yemen) നിന്ന് 330 കിലോമീറ്ററും, അൽ ഗൈദയിൽ (Al Ghaidah) നിന്ന് 720 കിലോമീറ്ററും ഒമാനിലെ സലാലയിൽ (Salalah, Oman) നിന്ന് 690 കിലോമീറ്ററും മാറിയാണ് കാറ്റ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയോടെ തന്നെ തേജ് ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗിക എക്‌സ് പേജിലൂടെ അറിയിച്ചു.
ഒക്‌ടോബർ 25 ന് പുലർച്ചെ ചുഴലിക്കാറ്റ് യെമനിലെ അൽ ഗൈദയ്ക്കും ഒമാനിലെ സലാലയ്ക്കും ഇടയിൽ വരാൻ സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ആഴത്തിലുള്ള ന്യൂനമർദമായി മാറാനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രമായി മാറി ബംഗാള്‍–ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങും. അതിനാൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Also Read: Tej Cyclonic Storm: ബിപര്‍ജോയിക്ക് പിന്നാലെ 'തേജ്' വരുന്നു; ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വകുപ്പ്
ചുഴലിക്കാറ്റിനൊപ്പം കേരളത്തിലും തമിഴ്‌നാട്ടിലും തുലാവർഷം എത്തിച്ചേർന്നതുകൂടി കണക്കിലെടുക്കുമ്പോൾ സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകാൻ സാധ്യത വർധിച്ചു. അഞ്ചുദിവസം കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് ഇന്ന് കേരളത്തിലെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
നാളെ (തിങ്കളാഴ്‌ച) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും, ചൊവ്വാഴ്‌ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും, ബുധനാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: Kerala Weather Latest Update : കേരളത്തിൽ തുലാ വർഷമെത്തി, 4 ജില്ലകളിൽ യെല്ലോ അലർട്ട്