ന്യൂഡൽഹി:ദിവസങ്ങള്‍ നീണ്ട ആശങ്കള്‍ക്ക് വിരാമം. രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ വൻ നാശനഷ്‌ടം വിതച്ച ടൗട്ടെ ചുഴലിക്കാറ്റ് ഉച്ചയോടെ വേഗം കുറഞ്ഞ് ദുര്‍ബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് നിന്ന് വടക്കുകിഴക്ക് ദിശയിലേക്കാണ് നിലവില്‍ ടൗട്ടെയുടെ സഞ്ചാരം.
രാജ്യത്തിന്‍റെ പടിഞ്ഞാറൻ തീരത്ത് ടൗട്ടെ വരുത്തിവച്ച നാശനഷ്‌ടങ്ങളില്‍ നാവികസേന രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെയാണ് ആശ്വാസത്തിന്‍റെ സന്ദേശമെത്തിയത്. ഉച്ചയ്‌ക്ക് 1.10 ഓടെ അഹമ്മദാബാദിന്‍റെ വടക്കുകിഴക്കൻ മേഖലയിലെത്തുമ്പോഴേക്കും ടൗട്ടെ ദുര്‍ബലമാകുമെന്നാണ് വിലയിരുത്തല്‍..
മഴയ്‌ക്ക് സാധ്യത
അതേസമയം ചുഴലിക്കാറ്റ് ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും കാലാവസ്ഥയെ ബാധിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഡല്‍ഹി തുടങ്ങി സ്ഥലങ്ങളില്‍ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. വിരാട് നഗർ, കോട്‌പുത്ലി, ഖൈർത്താൽ, ഭിവാരി, മഹാന്ദിപൂർ ബാലാജി, മഹാവ, നദ്‌ബായ്, നാഗൗർ, അൽവാർ, ഭരത്പൂർ, ഡീഗ് (രാജസ്ഥാൻ) എന്നിവിടങ്ങളിലും, ഉത്തർപ്രദേശിലെ ബഹജോയ്, സഹസ്വാൻ, നരോറ, ഡെബായ്, അനുപ്ഷഹർ, ജഹാംഗിരാബാദ്, ബുലന്ദശഹർ, ഗുലതി, ഷിക്കോഹാബാദ്, ഫിറോസാബാദ്, തുണ്ട്‌ല, ഈത, കസ്ഗഞ്ച്, ജലേശർ, സിക്കന്ദ്ര റാവു, ഹത്രാസ്, ഇഗ്ലാസ്, അലിഗാസ്, അലിഗാസ് , ജജൗ, ആഗ്ര, മഥുര, റായ, ബർസാന, നന്ദഗോൺ എന്നിവിടങ്ങളിലും രാവിലെ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.