മുംബൈ:ടൗട്ടെ ചുഴലിക്കാറ്റ് അതീവ ശക്തിയോടെ തീരത്തേക്കടുക്കുന്ന സാഹചര്യത്തില്‍ കൊങ്കണ്‍ തീരപ്രദേശത്തുള്ളവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. ദുർബല പ്രദേശങ്ങളിൽ വലിയ ഷെൽട്ടറുകൾ തയ്യാറാക്കാൻ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇക്കാര്യത്തിൽ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര ദുരിതാശ്വാസ-പുനരധിവാസ മന്ത്രി വിജയ് വാഡെറ്റിവാർ അറിയിച്ചു.
അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ശക്തമായ കൊടുങ്കാറ്റായി മാറിയെന്നും അടുത്ത 12 മണിക്കൂറിനുള്ളിൽ കൂടുതൽ തീവ്രമാകാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മെയ് 17 വൈകുന്നേരം ഗുജറാത്ത് തീരത്ത് എത്തി 18ന് അതി രാവിലെ മണിക്കൂറിൽ പരമാവധി 175 കിമീ വേഗതയിൽ ഗുജറാത്തിലെ പോർബന്തറിനും മഹാഹുവാക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്തിനും ദിയു തീരത്തിനും മുന്നറിയിപ്പ് നൽകി.
Read More:കനത്ത മഴ: കടൽ ക്ഷോഭം രൂക്ഷം; ആശങ്കയിൽ കേരളം
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ഉദ്യോഗസ്ഥര്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ തയാറാണെന്നും, ഇതിനായി 53 ടീമുകൾ പ്രതിജ്ഞാബദ്ധരാണെന്നും 24 ടീമുകൾ മുൻകൂട്ടി വിന്യസിച്ചിട്ടുണ്ടെന്നും 29 ടീമുകള്‍ കേരളം , തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാണെന്നും അറിയിച്ചു.