ചെന്നൈ: തമിഴ്‌നാട്ടിൽ നിവാർ ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. നിവാർ ശക്തികുറഞ്ഞ ചുഴലിക്കാറ്റ് ആയെന്നും സർക്കാർ നിർദേശങ്ങൾ പ്രകാരം നടപടികൾ സ്വീകരിച്ചതിനാൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അഡീഷണൽ ചീഫ് സെക്രട്ടറി അതുല്യ മിശ്ര പറഞ്ഞു. ഇതുവരെ 101 കുടിലുകൾ നശിക്കപ്പെട്ടു. 380 മരങ്ങൾ കടപുഴകി വീണു. അവശ്യ സേവനങ്ങൾ പൂർണമായി പുനസ്ഥാപിച്ചുവെന്നും കുടിവെള്ളം, വൈദ്യുതി തുടങ്ങിയ സേവനങ്ങൾക്ക് പ്രശ്‌നങ്ങൾ ഇല്ലെന്നും മിശ്ര പറഞ്ഞു.
കൂടുതൽ വായിക്കാൻ: തീരം തൊട്ട് 'നിവാർ'; പുതുച്ചേരിയിൽ മണ്ണിടിച്ചിലും കനത്ത മഴയും
നിവാറിനെ തുടർന്നുള്ള മഴയിൽ ചെന്നൈയിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. അടുത്ത ആറ് മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റിന്‍റെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ചെന്നൈയിൽ നാളെ വരെ മിതമായ തോതിൽ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തി. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും അമിത് ഷാ ഉറപ്പ് നൽകി. പുതുച്ചേരിയിലെയും തമിഴ്‌നാട്ടിലെയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് അമിത് ഷാ ട്വിറ്ററിൽ പറഞ്ഞു.