ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് (Cyclone Michaung) ഇന്ന് തീരം തൊടും. ആന്ധ്രപ്രദേശിലെ എട്ട് ജില്ലകൾക്ക് ജാഗ്രത നിർദേശം. അതേസമയം മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ വ്യത്യസ്‌ത സംഭവങ്ങളിലായി അഞ്ച് പേർ മരിച്ചു.
രണ്ട് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചെന്നാണ് സൂചന. ബസന്ത് നഗറിൽ മരം വീണ് ഒരാൾ മരിച്ചു. ഒരു സ്ത്രീയും പുരുഷനുമടക്കം രണ്ട് പേരുടെ അജ്ഞാത മൃതദേഹങ്ങൾ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായുള്ള മഴ ബാധിത പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തി. ശക്തമായ കാറ്റിൽ സംസ്ഥാനത്ത് നിരവധി മരങ്ങൾ കടപുഴകി വീണു.
തെക്കൻ ജില്ലകളില്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ടും മറ്റ് പ്രശ്‌നങ്ങളും നേരിടുന്നതിനാൽ ജന ജീവിതം ദുരിതത്തിലാണ്. തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിശക്തമായ ന്യൂനമർദം മിഷോങ് ചുഴലിക്കാറ്റായി മാറുന്നതിന്‍റെ ഭാഗമായുള്ള കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് ജനജീവിതം ദുരിതത്തിലായത്.
ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ചെന്നൈ വിമാനത്താവളം ഇന്ന് രാവിലെ 9 മണി വരെ അടച്ചിടും. നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. വാലാജ റോഡ്, മൗണ്ട് റോഡ്, അണ്ണാ സാലൈ, ചെപ്പോക്ക്, ഓമണ്ടുരാർ സർക്കാർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി പരിസരം എന്നിവയുൾപ്പെടെ നിരവധി മറ്റ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. രൂക്ഷമായ വെള്ളക്കെട്ട് കാരണം മൗണ്ട് റോഡ് മുതൽ മറീന ബീച്ച് വരെയുള്ള റോഡുകൾ തടസ്സപ്പെട്ടിരിക്കുകയാണ്.