ചെന്നൈ:ബുറെവി ചുഴലിക്കാറ്റ് കരയോട് അടുക്കാനിരിക്കെ തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കി. ദേശീയ ദുരന്ത നിവാരണ സേനയിൽ നിന്നുള്ള 14 ടീമുകളെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു. തമിഴ്‌നാട് സംസ്ഥാന ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെ വീതം കന്യാകുമാരി, തൂത്തുക്കുടി, നാഗപട്ടണം എന്നിവിടങ്ങളിലും, രാമനാഥപുരം, തിരുനെൽവേലി എന്നിവിടങ്ങളില്‍ മൂന്ന് ടീമുകളെയും മധുരയിലും കടലൂരിലും ഒരോ ടീമുകളെ വീതവും വിന്യസിച്ചിട്ടുണ്ട്.
ബുറെവി അടുക്കുന്നു; തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രത - tamilnadu
ദേശീയ ദുരന്ത നിവാരണ സേനയും തമിഴ്‌നാട് സംസ്ഥാന ദുരന്ത നിവാരണ സേനയും വിവിധയിടങ്ങളില്‍ ക്യാമ്പ് ചെയ്യന്നു.
നിര്‍ദിഷ്‌ട സ്ഥലങ്ങളിലെത്തിയ സേനാംഗങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണ തമിഴ്‌നാട്, തെക്കൻ കേരളം എന്നിവിടങ്ങളിലെ തീരങ്ങളിലാണ് കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉച്ചയോടെ പാമ്പൻ, കന്യകുമാരി എന്നിവിടങ്ങളിൽ എത്തുമെന്നാണ് വിലയിരുത്തല്‍. തീരമേഖലയിലെ സാഹചര്യം വിലയിരുത്താൻ മന്ത്രി ആർ.ബി ഉദയകുമാർ രാമേശ്വരത്തെത്തി.
എല്ലാ മത്സ്യത്തൊഴിലാളികളും കടലിൽ നിന്ന് മടങ്ങിയെത്തിയെന്നും, താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാവരോടും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദയകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തിരുവനന്തപുരത്തെ തീരമേഖലയില്‍ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് ജില്ലാ കലക്‌ടര്‍ നവ്‌ജോത് സിങ് ഖോസയും അറിയിച്ചു.