ഗുജറാത്തിൽ നാശം വിതച്ച് ബിപർജോയ് ഗാന്ധി നഗർ : ഗുജറാത്തിലെ സൗരാഷ്‌ട്ര, കച്ച് തീരപ്രദേശങ്ങളിൽ നാശം വിതച്ച് ബിപർജോയ്. ബിപർജോയ് ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ കൂടുതൽ ദുർബലമാകുമെന്നും തുടർന്നുള്ള വൈകുന്നേരത്തോടെ 'ഡിപ്രഷൻ' (depression) ആയി മാറുമെന്നും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി) ഇന്ന് പുലർച്ചെ അറിയിച്ചു. തീവ്രമായ ചുഴലിക്കാറ്റ് ബിപർജോയ് സൗരാഷ്ട്ര-കച്ച് മേഖലയെ കേന്ദ്രീകരിച്ച് വടക്ക് കിഴക്കോട്ട് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും രാജസ്ഥാനിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അധികൃതർ പറഞ്ഞു.
'തീവ്ര ചുഴലിക്കാറ്റ് ബിപർജോയ് ഇന്ന് 0230 IST ലെ കണക്കനുസരിച്ച് നലിയയിൽ നിന്ന് 30 കിലോമീറ്റർ വടക്ക് സൗരാഷ്ട്ര-കച്ച് മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്, ഇത് വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയും ജൂൺ 16 ന് പുലർച്ചെ ചുഴലിക്കാറ്റായി ദുർബലമാവുകയും അതേ വൈകുന്നേരത്തോടെ ദക്ഷിണ രാജസ്ഥാനിൽ ഒരു ന്യൂനമർദമായി മാറുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു' -എന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഒരു ട്വീറ്റിൽ പറഞ്ഞു.
ദുർബലമായി ചുഴലിക്കാറ്റ് (Category changed to 'severe' from 'very severe') : വ്യാഴാഴ്‌ച വൈകുന്നേരത്തോടെയാണ് ബിപർജോയ് ഗുജറാത്ത് തീരം തൊട്ടത്. പടിഞ്ഞാറൻ സംസ്ഥാനത്ത് കനത്ത കാറ്റും മഴയും അനുഭവപ്പെട്ടു. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. ജനജീവിതം താറുമാറായി. ഗുജറാത്തിലെ ഒരു ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി ഒരു മൾട്ടി-ഏജൻസി റെസ്പോൺസ് ടീമിനെ രൂപീകരിച്ചിരുന്നു. ചുഴലിക്കാറ്റ് 'വളരെ തീവ്രം' (very severe cyclonic storm) എന്ന കാറ്റഗറിയിൽ നിന്ന് 'തീവ്രം' (severe cyclonic storm) എന്നാക്കി മാറ്റിയതായി ഐഎംഡി ഡയറക്‌ടർ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.
രാജസ്ഥാനിൽ കനത്ത മഴയ്ക്ക് സാധ്യത (Heavy rain forecast for Rajasthan) :ചുഴലിക്കാറ്റിന്‍റെ തീവ്രത മണിക്കൂറിൽ 105-115 കിലോമീറ്ററായി കുറഞ്ഞുവെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വളരെ തീവ്രമായ ചുഴലിക്കാറ്റ് (VSCS) എന്നതിൽ നിന്ന് തീവ്ര ചുഴലിക്കാറ്റ് (SCS) ആയി ഈ വിഭാഗം മാറിയിരിക്കുന്നു. ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ ഇന്ന് രാജസ്ഥാനിൽ ശക്തമായ മഴ പെയ്തേക്കും. ഗുജറാത്തിലെ തീരപ്രദേശങ്ങളിൽ ചുഴലിക്കാറ്റ് കരകയറിയതിന് ശേഷം രാത്രിയോടെ ബിപർജോയ് ചുഴലിക്കാറ്റിന്‍റെ തീവ്രത 'വളരെ തീവ്രത'യിൽ നിന്ന് 'തീവ്രമായ' വിഭാഗത്തിലേക്ക് കുറഞ്ഞതായി ഐഎംഡി ഡയറക്‌ടർ പറഞ്ഞു.
ട്രെയിനുകൾ റദ്ദാക്കി (21 more trains cancelled, 8 short terminate) : 21 ട്രെയിനുകൾ കൂടി റദ്ദാക്കി, എട്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ഡിവിഷനൽ, സോണൽ തലങ്ങളിൽ ഡിആർഎമ്മും ജിഎമ്മും കൺട്രോൾ റൂം വഴിയും റെയിൽവേ ബോർഡ് തലത്തിൽ ഉയർന്ന ഉദ്യോഗസ്ഥർ വാർ റൂം വഴിയും തത്സമയ നിരീക്ഷണം നടത്തുന്നുണ്ടെന്ന് റെയിൽവേ ട്വീറ്റിൽ പറഞ്ഞു.
പാലൻപൂർ, ഭുജ്, ദാദർ, ബാന്ദ്ര ടെർമിനസ്, ഭൻവാദ്, പോർബന്തർ, ഓഖ, ഭാവ്‌നഗർ, രാജ്‌കോട്ട്, വെരാവൽ, അമ്രേലി, ജുനഗഡ്, ഡെൽവാഡ എന്നിവിടങ്ങളിൽ 21 ട്രെയിനുകൾ റദ്ദാക്കിയതായി വെസ്റ്റേൺ റെയിൽവേ പട്ടികപ്പെടുത്തി. എട്ട് ട്രെയിനുകളെ ഭാഗികമായി റദ്ദാക്കി. പൂർണ വിവരങ്ങൾക്ക് ചുവടെ അറ്റാച്ച് ചെയ്‌തിരിക്കുന്ന ട്വീറ്റിൽ ക്ലിക്കുചെയ്യുക.
ഗുജറാത്ത് മുഖ്യമന്ത്രിയുമായി സംസാരിച്ച് മോദി (Modi speaks to Bhupendra) : സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നർതിനായിപ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ടെലിഫോൺ സംഭാഷണം നടത്തി. ബിപർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിന്‍റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പ്രധാനമന്ത്രി ആരാഞ്ഞു. കൂടാതെ, വന്യമൃഗങ്ങളുടെ, പ്രത്യേകിച്ച് ഗിർ വനത്തിലെ സിംഹങ്ങളുടെ സുരക്ഷയ്ക്കായി സംസ്ഥാന ഭരണകൂടം സ്വീകരിച്ച നടപടികൾ വിലയിരുത്തിയെന്ന് ഭൂപേന്ദ്ര പട്ടേൽ ട്വിറ്ററിൽ കുറിച്ചു.