ബാർമർ :രാജസ്ഥാനില്‍ ബിപർജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പെരുമഴയില്‍ ബാർമര്‍ ജില്ലയില്‍ ഒറ്റപ്പെട്ടുപോയ 64 പേരെ സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്) രക്ഷപ്പെടുത്തി. ബിപർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് രാജസ്ഥാനിലെ പല ജില്ലകളിലും കനത്ത മഴയാണ്. ഇതേ തുടർന്ന് ജില്ലയിലെ ശിവാന സബ് ഡിവിഷൻ പരിധിയിലെ നദികളിലും കുളങ്ങളിലും വലിയ കുത്തൊഴുക്കാണുണ്ടായത്.
ബാർമര്‍ ജില്ലയിലെ സാംദാരി മേഖലയിലെ സുഖ്‌ദി നദിയിലും പൊടുന്നനെ ജലനിരപ്പ് ഉയർന്നു. തുടർന്ന്, നിരവധി വീടുകളിൽ വെള്ളം കയറി. ആകസ്‌മികമായുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി പേരാണ് ദുരിതത്തിലായത്. വെള്ളക്കെട്ടിൽ കുടുങ്ങിയ 64 പേരെ ജില്ല ഭരണകൂടം രക്ഷപ്പെടുത്തി പ്രത്യേകം സജ്ജീകരിച്ച ക്യാമ്പിലേക്ക് മാറ്റി. സംദാരി മേഖലയിലെ സുഖ്‌ദി നദിയിൽ കുത്തൊഴുക്ക് വർധിച്ചതായി സംദാരി തഹസിൽദാർ ഹദ്വന്ത് സിങ് പറഞ്ഞു.
64 പേരും ദുരിതാശ്വാസ ക്യാമ്പുകളില്‍ :ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് കൃഷിപ്പാടങ്ങള്‍ക്ക് സമീപത്തായി താമസിക്കുന്ന ചില കുടുംബങ്ങളും വെള്ളക്കെട്ടിൽ അകപ്പെട്ടു. വിവരമറിഞ്ഞ് എസ്‌ഡിആർഎഫ് സംഘം ഈ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. എസ്‌ഡിആർഎഫിന്‍റെ സഹായത്തോടെ വെള്ളക്കെട്ടില്‍ അകപ്പെട്ടവരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. മജൽ, ഖരന്തിയ ഗ്രാമങ്ങളിലും ആളുകള്‍ ഒറ്റപ്പെട്ടു. ഇങ്ങനെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് 64 പേരെ രക്ഷപ്പെടുത്തിയത്. മുഴുവന്‍ പേരും നിലവില്‍ ക്യാമ്പുകളിലാണ് താമസിക്കുന്നത്.
മോത്തിസാര ഗ്രാമത്തിലെ വീടുകളിൽ വെള്ളം കയറി. ഇതോടെ, നിരവധി പേരാണ് ഈ പ്രദേശത്ത് വെള്ളത്തിൽ അകപ്പെട്ടത്. വിവരമറിഞ്ഞെത്തിയ എസ്‌ഡിആര്‍എഫ് അകപ്പെട്ടവരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മഴയെ തുടർന്ന് സുഖ്‌ദി നദിയിൽ ജലനിരപ്പ് ഉയർന്നതായി ബലോത്ര ഡെപ്യൂട്ടി സൂപ്രണ്ട് നീരജ് ശർമയാണ് പറഞ്ഞത്. ഇതുമൂലം മജൽ, ദിദാസ്, കോടി ഗ്രാമങ്ങളിൽ നദി കരകവിഞ്ഞൊഴുകി.