അഹമ്മദാബാദ് : ബിപർജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരത്തെത്തും. ഇന്ന് വൈകിട്ട് 4 മണി മുതൽ 8 മണി വരെ തീരത്ത് ശക്തമായ കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. തീരദേശ ജില്ലകളിൽ നിന്ന് നിരവധി ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു.
വൈകുന്നേരം 5.30ഓടെ ചുഴലിക്കാറ്റ് കരയിലെത്തുമെന്നാണ് പുതിയ അറിയിപ്പ്. പുലർച്ചെ 2.30ന് ജഖാവു തുറമുഖത്തിന് (ഗുജറാത്ത്) 200 കിലോമീറ്റർ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് കേന്ദ്രീകരിച്ചാണ് ബിപർജോയ് സ്ഥിതി ചെയ്യുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് തീരദേശ ജില്ലകളിലെ ദുർബല പ്രദേശങ്ങളിൽ നിന്ന് 74,000 പേരെ സംസ്ഥാന സർക്കാർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രസ്‌താവനയിൽ പറയുന്നു.
ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ സൗരാഷ്‌ട്ര-കച്ച് മേഖലയിലെ ചില ഭാഗങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. ഗുജറാത്ത്, കേരളം, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, ഗോവ, ദാമൻ ദിയു, ലക്ഷദ്വീപ്, ദാദർ, നാഗരാജുൻ ഹവേലി എന്നിവിടങ്ങളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. ഇന്നലെ ഗുജറാത്തിന്‍റെ തീരപ്രദേശങ്ങളിൽ മിക്കയിടത്തും കനത്ത മഴ റിപ്പോർട്ട് ചെയ്‌തിരുന്നു. ദേവഭൂമി ദ്വാരക, ജാംനഗർ തുടങ്ങി ഒറ്റപ്പെട്ട ഇടങ്ങളിലും അതിശക്തമായ മഴ അനുഭവപ്പെട്ടു. ഇവിടങ്ങളിൽ മഴയുടെ തീവ്രത വർധിക്കുമെന്ന് കാലാവസ്ഥ ബ്യൂറോ അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇന്ത്യൻ നേവിയുടെ നാല് കപ്പലുകൾ സജ്ജീകരിച്ചിട്ടുണ്ട്. സിവിൽ അതോറിറ്റീസിന് സഹായവും പിന്തുണയും നൽകുന്നതിനായി പോർബന്തറിലും ഓഖയിലും അഞ്ച് ദുരിതാശ്വാസ ടീമുകളും വൽസുരയിൽ 15 ദുരിതാശ്വാസ ടീമുകളും തയ്യാറാണ്. കൂടാതെ, ഗോവയിലെ ഐഎൻഎസ് ഹൻസയിലും മുംബൈയിലെ ഐഎൻഎസ് ശിക്രയിലും നിലയുറപ്പിച്ചിട്ടുള്ള ഹെലികോപ്റ്ററുകൾ ഗുജറാത്തിലേക്കുള്ള അടിയന്തര ഗതാഗതത്തിനായി നിലയുറപ്പിച്ചിട്ടുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും മുതിർന്ന ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ വിലയിരുത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്യുകയും ചെയ്‌തു. കേന്ദ്ര തലത്തിൽ, കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചുഴലിക്കാറ്റിന്‍റെ ആഘാതം കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ പ്രത്യേകം പരിശോധിച്ചു. ഇന്നലെ രാവിലെ വരെ വിവിധ ജില്ലകളിലെ ഒമ്പത് താലൂക്കുകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.
കാറ്റിന്‍റെ വേഗത മണിക്കൂറിൽ 125-135 കി.മീ വരെയും ചില അവസരങ്ങളിൽ 145 കി.മീ വരെ വേഗതയിലും കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. കച്ച് മേഖലയെ ചുഴലിക്കാറ്റ് കൂടുതൽ ബാധിക്കുമെന്നാണ് കരുതുന്നത്. തീരത്തിന്‍റെ 10 കി.മീ ചുറ്റളവിൽ താമസിക്കുന്ന ആളുകളെ താത്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ചുഴലിക്കാറ്റ് നിലവിൽ കച്ചിൽ നിന്ന് ഏകദേശം 290 കിലോമീറ്റർ അകലെയാണ്. മുൻകരുതൽ നടപടിയായി, തീരദേശത്ത് താമസിക്കുന്ന 50,000ത്തോളം ആളുകളെ ഞങ്ങൾ ഇതിനകം മാറ്റി. പ്രദേശങ്ങൾ താത്‌കാലിക ഷെൽട്ടറുകളിലേക്ക് ഒഴിപ്പിക്കൽ പ്രക്രിയ ഇപ്പോഴും തുടരുകയാണ്. ബാക്കിയുള്ള 5,000 ആളുകളെ വൈകുന്നേരത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്ന് ഇന്നലെ സംസ്ഥാന ദുരിതാശ്വാസ കമ്മിഷണർ അലോക് കുമാർ പാണ്ഡെ പറഞ്ഞു.
കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ഏകദേശം 18,000 വ്യക്തികൾ ഉൾപ്പെടുന്നു. അവരെ കച്ച് ജില്ലയിലെ ഷെൽട്ടറുകളിലേക്ക് മാറ്റി. ബാക്കിയുള്ളവരെ ജുനഗഡ്, ജാംനഗർ, പോർബന്തർ, ദേവഭൂമി ദ്വാരക, മോർബി, രാജ്‌കോട്ട് എന്നിവിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചു.
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്), വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം ടീമുകളെ വിവിധ തീരദേശ ജില്ലകളിൽ ദുരിതാശ്വാസവും പിന്തുണയും നൽകുന്നതിനായി വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് തീരപ്രദേശങ്ങളിലെ ക്ഷേത്രങ്ങൾ അടച്ചിടും. ജഖാവു തുറമുഖത്തിന് സമീപമത്തെ ദേവഭൂമി ദ്വാരക ജില്ലയിലെ പ്രശസ്‌തമായ ദ്വാരകാധീഷ് ക്ഷേത്രം അടച്ചിടുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ഗിർ സോമനാഥ് ജില്ലയിലെ സോമനാഥ് ക്ഷേത്രം തുറക്കുമെങ്കിലും ഭക്തർക്ക് പ്രവേശനമില്ല.