മൗണ്ട് അബു: ബിപർജോയ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ മുങ്ങി രാജസ്ഥാൻ. രാജസ്ഥാനിലെ സിരോഹിയിലും മൗണ്ട് അബുവിലും മറ്റ് സ്ഥലങ്ങളിലും മഴ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. പലയിടത്തും ഗതാഗതം തടസപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്‌തു മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു.
പലയിടത്തും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ്. കനത്ത മഴയെ തുടർന്ന് അബു റോഡിൽ 36 മണിക്കൂറിലധികം നേരം വൈദ്യുതി മുടങ്ങി. ശക്തമായ മഴയിൽ അണക്കെട്ടുകളും നദികളും അരുവികളും ഓടകളുമെല്ലാം നിറഞ്ഞൊഴുകിയതോടെ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതം തടസപ്പെട്ടു.
കനത്ത മഴയിൽ മുങ്ങി രാജസ്ഥാൻ അതേസമയം, മൗണ്ട് അബുവിൽ 40 മണിക്കൂർ പിന്നിട്ടിട്ടും പലയിടത്തും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. മൊബൈൽ സേവനങ്ങൾ വിച്ഛേദിക്കപ്പെട്ടു. പിൻദ്വാരയിലെ സ്വരൂപ്‌ഗഞ്ച്-കോട്ട റോഡിൽ ഗതാഗതം തടസപ്പെട്ടു. പിന്ദ്വാര മേഖലയിലെ ഭുല, വലോറിയ, വാസ അണക്കെട്ടുകൾ നിറഞ്ഞു കവിഞ്ഞു. ജില്ലയിലുടനീളം എൺപതോളം മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു.
കഴിഞ്ഞ 24 മണിക്കൂറിൽ ലഭിച്ച മഴയുടെ കണക്കനുസരിച്ച് 13 ഇഞ്ച് മഴയാണ് ശിവഗഞ്ചിൽ രേഖപ്പെടുത്തിയത്. അതുപോലെ, റെവ്‌ദാറിൽ 10 ഇഞ്ചും അബു റോഡിൽ 8 ഇഞ്ചും ഡെൽദാർ തഹസിൽ 202 മില്ലീമീറ്ററും പിന്ദ്വാരയിൽ 176 മില്ലീമീറ്ററും സിരോഹിയിൽ 125 മില്ലീമീറ്ററും മഴ പെയ്‌തു. മൗണ്ട് അബുവിലെ മഴയുടെ കണക്ക് ഇതുവരെ കാലാവസ്ഥ വകുപ്പിന് ലഭ്യമായിട്ടില്ല.
ഗതാഗതം തടസപ്പെട്ടു, താറുമാറായി വൈദ്യുതി ബന്ധം : ഇപ്പോഴും ജില്ലയിലുടനീളം മഴ തുടരുകയാണ്. അഴുക്കുചാലിൽ അറ്റകുറ്റപ്പണികൾ നടത്താത്തത് മഴക്കാലത്ത് കൂടുതൽ നാശനഷ്‌ടമുണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ശാന്താപൂരിൽ മാലിന്യങ്ങൾ അടിഞ്ഞ് അഴുക്കുചാൽ അടഞ്ഞതോടെ സമീപത്തെ വീടുകളിൽ വെള്ളം കയറി. ബസ് സ്റ്റാൻഡ് മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡുകളിൽ പലയിടത്തും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു. അതിനാൽ, പല വാഹനങ്ങളും വഴി തിരിച്ചുവിട്ടു. രാജ കോതി റോഡ് അടച്ചു. ലുനിയപുര അണ്ടർ ബ്രിഡ്‌ജിലും ഖദത് അണ്ടർ ബ്രിഡ്‌ജിലും വെള്ളം നിറഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു.
പല പ്രദേശങ്ങളും വെള്ളത്തിനടിയിൽ ബനാസ് നദി അതിന്‍റെ പൂർണ വേഗതയിൽ ഒഴുകുന്നത്. വെള്ളത്തിനടിയിലായ പ്രദേശങ്ങൾ ഭരണകൂടവും പൊലീസ് ഉദ്യോഗസ്ഥരും നിരന്തരം സന്ദർശിക്കുന്നുണ്ട്. ബനാസ് നദിയിലേക്ക് കൂടുതൽ വെള്ളം വരാൻ സാധ്യതയുള്ളതിനാൽ നദിയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം അഭ്യർഥിച്ചു. വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് താത്കാലികമായി മാറിനിൽക്കണമെന്നും മുന്നറിയിപ്പുണ്ട്.
നിർമാണത്തിലിരിക്കുന്ന ബത്തിസ ഡാമിൽ നിന്നും വെള്ളം ഒഴിക്കിക്കളയുന്നുണ്ട്. പ്രദേശത്ത് വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഡാം പരിസരത്ത് താമസിക്കുന്ന കരകൗശല തൊഴിലാളികളെ ഒഴിപ്പിച്ച് മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സിരോഹി എംഎൽഎ സന്യം ലോധ വെള്ളത്തിനടിയിലായ താഴ്‌ന്ന ജനവാസ കേന്ദ്രങ്ങളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് അനുസരിച്ച് സിരോഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്‌ചയാണ് ബിപർജോയ് രാജസ്ഥാനിലേക്ക് കടന്നത്. മുൻകരുതലിന്‍റെ ഭാഗമായി ബാർമർ ജില്ലയിലെ വിവിധ ഗ്രാമങ്ങളിലെ ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്‌തിരുന്നു.