ന്യൂഡൽഹി : അതിശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ് (Biparjoy Cyclone) ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നുവെന്ന് കാലാവസ്ഥ വകുപ്പ്. ഗുജറാത്തിൽ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്‌ക്ക് ശേഷം യോഗം ചേരും. ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി സൗരാഷ്ട്ര-കച്ച് തീരത്ത് കരയിലേക്ക് നീങ്ങുന്നതിനാൽ തീരദേശ ജില്ലകളിലെ ആളുകളെ അധികൃതർ ഒഴിപ്പിക്കുകയാണ്.
ഇതുവരെ 1,300ഓളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി തീരദേശ ദേവഭൂമി ദ്വാരകയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഗുജറാത്തിന്‍റെ തെക്ക്- വടക്കൻ തീരങ്ങളിലെ മത്സ്യബന്ധന പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചു. അറബിക്കടലിന് മുകളിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് – പാകിസ്ഥാൻ അതിർത്തി ഭാഗത്തേക്ക് നീങ്ങുകയാണെന്നാണ് അറിയിച്ചത്.
മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ കാറ്റ് : ബിപോർജോയ് ചുഴലിക്കാറ്റ് ജൂൺ 14ന് രാവിലെ വരെ വടക്ക് ദിശയിൽ സഞ്ചരിക്കും. തുടർന്ന് വടക്ക്, വടക്കുകിഴക്ക് ദിശ മാറി സൗരാഷ്ട്ര, കച്ച് അതിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത് മണ്ഡവിക്കും (ഗുജറാത്ത്) കറാച്ചിക്കും ഇടയിൽ ജൂൺ 15ഓടെ മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഗുജറാത്തിലെ കച്ചിൽ മുന്നറിയിപ്പ് (Gujarat's Kutch) :ഗുജറാത്ത് സംസ്ഥാനത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, കച്ച് ജില്ലയിലെ കാണ്ട്ലയിലെ ദീൻദയാൽ തുറമുഖ അതോറിറ്റി ഉദ്യോഗസ്ഥർ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ താത്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ജാഗ്രത പാലിക്കാനും നിർദേശം നൽകി.