ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അസാനി തീവ്ര ചുഴലിക്കാറ്റായതോടെ ആന്ധ്ര-ഒഡിഷ തീരത്ത് അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. ഞായറാഴ്‌ച വൈകുന്നേരം 5.30 തോടെയാണ് അസാനി തീവ്രചുഴലിക്കാറ്റായി മാറിയത്. ഞായറാഴ്‌ച മുതല്‍ ഒഡിഷ-ആന്ധ്ര തീരമേഖലയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച് തുടങ്ങിയിരുന്നു.
നിലവില്‍ ആന്‍ഡമാന്‍ ബ്ലയര്‍ പോര്‍ട്ടില്‍ നിന്നും 570 കിലോമീറ്റർ അകലെയാണ് 'അസാനി'. നാളെ (മെയ് 10) രാത്രിയോടെ വടക്ക് ആന്ധ്ര-ഒഡിഷ തീരത്തുനിന്നും പടിഞ്ഞാറൻ മധ്യഭാഗത്തും അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും എത്തുന്ന ചുഴലിക്കാറ്റ് വടക്ക്-വടക്കുകിഴക്കൻ ദിശകളിൽ വീണ്ടുമെത്തി ഒഡിഷ തീരത്തുനിന്ന് വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.