ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂന മര്‍ദം അസാനി ചുഴലിക്കാറ്റായി മാറി. അടുത്ത 24 മണിക്കൂറില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ചുഴലിക്കാറ്റ് കര തൊടാന്‍ സാധ്യത കുറവാണെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഞായറാഴ്‌ച പുലർച്ചെ 5.30ന് ആൻഡമാൻ ദ്വീപുകളിലെ പോർട്ട് ബ്ലെയറിൽ നിന്ന് 380 കിലോമീറ്റർ പടിഞ്ഞാറ് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലാണ് അസാനി ചുഴലിക്കാറ്റ് രൂപം കൊണ്ടത്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്. വടക്കൻ ആന്ധ്രാപ്രദേശ്, ഒഡിഷ തീരങ്ങളില്‍ ചൊവ്വാഴ്‌ച മുതല്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീവ്ര ചുഴലിക്കാറ്റാകും: അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. തിങ്കളാഴ്‌ച രാവിലെ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 111 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്‌ച മുതൽ ശക്തി കുറയുന്ന ചുഴലിക്കാറ്റ് വടക്കൻ ആന്ധ്രാപ്രദേശ്, ഒഡിഷ തീരങ്ങളിലേക്ക് നീങ്ങുമ്പോൾ ക്രമേണ ദുർബലമാകും.
ഒഡിഷയുടെ തീരപ്രദേശങ്ങളിലും പശ്ചിമ ബംഗാളിന്‍റെ തെക്കൻ ഭാഗങ്ങളിലും കൊൽക്കത്ത ഉൾപ്പടെയുള്ള പ്രദേശങ്ങളിലും ചൊവ്വാഴ്‌ച മുതൽ നേരിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 10 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ഈ വർഷം വടക്കേ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ രൂപം കൊണ്ട ആദ്യത്തെ ചുഴലിക്കാറ്റ് ആണ് അസാനി.