പൂനെ:വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (എസ്ഐഐ) സിഇഒ അദാർ പൂനാവാലയുടെ പേര് ഉപയോഗിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പണം അഞ്ച് സംസ്ഥാനങ്ങളിലെ ബാങ്കുകളിലേക്ക് മാറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥർ. തട്ടിപ്പിലൂടെ സ്വന്തമാക്കിയ ഒരു കോടി രൂപ ഈ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇതു സംബന്ധിച്ച് ബുന്ദഗാർഡൻ പൊലീസ് സ്‌റ്റേഷനിൽ ഐപിസിയിലെ 419, 420, 34, വകുപ്പുകളും ഐടി ആക്‌ടും ചുമത്തിയാണ് കേസ് രജിസ്‌റ്റർ ചെയ്തിട്ടുള്ളത്.
പൂനാവാലയുടെ പേര് ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പ്; പണം അഞ്ച് സംസ്ഥാനങ്ങളിലെ അക്കൗണ്ടുകളിലെത്തിയതായി കണ്ടെത്തല്‍
സെറം ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാലയുടെ പേര് ഉപയോഗിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പണം അഞ്ച് സംസ്ഥാനങ്ങളിലെ അക്കൗണ്ടുകളിലെത്തിയതായി കണ്ടെത്തി അന്വേഷണസംഘം
സൈബര്‍ തട്ടിപ്പിലൂടെ തട്ടിയ തുക പശ്ചിമ ബംഗാൾ, ബീഹാർ, ഒഡീഷ, കേരളം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് കൈമാറിയിരിക്കുന്നത്. മാത്രമല്ല, ഐസിസിഐ, എച്ച്‌ഡിഎഫ്‌സി, എസ്‌ബിഐ, ഐഡിഎഫ്‌സി ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്നും ബുന്ദഗാർഡൻ സ്‌റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്‌പെക്‌ടർ പ്രതാപ് മനേകർ കൂട്ടിച്ചേര്‍ത്തു.
സെപ്‌റ്റംബർ ഏഴ്, എട്ട് തീയതികളിലായാണ് തട്ടിപ്പ് നടക്കുന്നത്. സിഇഒ അദാർ പൂനാവാലയെന്ന പേരില്‍ സൈബർ തട്ടിപ്പ് സംഘം കമ്പനിയുടെ ഡയറക്‌ടർമാരിലൊരാളായ സതീഷ് ദേശ്‌പാണ്ഡെയ്ക്ക് ഒരു കോടി രൂപ ആവശ്യപ്പെട്ട് വ്യാജ വാട്‌സ്ആപ്പ് സന്ദേശം അയയ്ക്കുകയായിരുന്നു. പണം വിവിധ അക്കൗണ്ടുകളിലേക്ക് ഉടൻ തന്നെ ട്രാൻസ്‌ഫർ ചെയ്യണം എന്നതായിരുന്നു സന്ദേശം. വാട്‌സ്ആപ്പ് സന്ദേശം പൂനാവാല അയച്ചതാകുമെന്ന് തെറ്റിദ്ധരിച്ച ദേശ്‌പാണ്ഡെ ഉടൻതന്നെ തട്ടിപ്പുകാർ പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചുനൽകി. ഇത്തരത്തിൽ കമ്പനിയുടെ ഫിനാൻസ് വകുപ്പ് 1,01,01,554 രൂപയാണ് അയച്ചുനൽകിയത്. പൂനാവാല ഇത്തരത്തിൽ ഒരു മെസേജും അയച്ചിട്ടില്ലെന്ന് പിന്നീട് ബോധ്യമായതിന് ശേഷമാണ് സൈബര്‍ തട്ടിപ്പിനിരയായ വിവരം പുറം ലോകമറിയുന്നത്.