ചണ്ഡിഗഡ് :സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ (AI) സഹായത്തോടെ മോര്‍ഫ് ചെയ്‌ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതായി പരാതി. സ്‌കൂളിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌ത ചിത്രങ്ങള്‍ പിന്നീട് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മോര്‍ഫ് ചെയ്‌ത് സ്‌നാപ്‌ചാറ്റില്‍ പ്രത്യക്ഷപ്പെട്ടതായാണ് ആരോപണം. വിദ്യാർഥിനികളിൽ ഒരാളുടെ രക്ഷിതാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
രക്ഷിതാവിന്‍റെ പരാതിയെത്തുടര്‍ന്ന് സെക്‌ടർ 11 പൊലീസ് സ്‌റ്റേഷനിൽ സംഭവത്തില്‍ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. ഇൻഫർമേഷൻ ആന്‍ഡ് ടെക്‌നോളജി (ഐടി) നിയമം, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണത്തിനായുള്ള പോക്‌സോ നിയമം എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്തിട്ടുള്ളത്. മാത്രമല്ല മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ ഒരാളെ സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.
കൂടുതൽ ആഴത്തിൽ അന്വേഷണം നടത്താൻ പൊലീസ് സേനയുടെ സൈബർ സെൽ ഡിവിഷനെ ഏൽപ്പിച്ചിരിക്കുകയാണ്. ചിത്രങ്ങള്‍ കൂടുതൽ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി ഛണ്ഡിഗഡ് പൊലീസ് സൈബർ സെൽ, ഇന്‍റർനെറ്റിൽ നിന്ന് സ്നാപ്ചാറ്റ് ഐഡി നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം സംഭവത്തെ കുറിച്ച് സ്‌കൂൾ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Also Read: Robbery In Bengaluru : നാലംഗസംഘം ജ്വല്ലറിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണം കവര്‍ന്നു ; കടന്നുകളഞ്ഞത് ഉടമയെ വെടിവച്ച്
സൈബര്‍ തട്ടിപ്പ് വര്‍ധിക്കുന്നു:സ്വവര്‍ഗാനുരാഗികളെ തമ്മില്‍ ഗേ ഡേറ്റിങ് ആപ്പുകള്‍ വഴി ബന്ധിപ്പിച്ച് പണം തട്ടിയിരുന്ന പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ കഴിഞ്ഞദിവസം ഒഡിഷയില്‍ പിടിയിലായിരുന്നു. പണത്തിനും വിലകൂടിയ മൊബൈല്‍ഫോണുകള്‍ക്കുമായി സ്വവര്‍ഗാനുരാഗവും സ്വവര്‍ഗരതിയും പ്രോത്സാഹിപ്പിച്ച് യുവാക്കളെ വലയിലാക്കിയിരുന്ന സംഘത്തെയാണ് ഭുവനേശ്വറിലെ കമ്മിഷണറേറ്റ് പൊലീസ് പിടികൂടിയത്. ഇവരെ കസ്‌റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രായപൂര്‍ത്തിയാവാത്ത നാലുപേരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു.
സ്വവര്‍ഗാനുരാഗികളായ യുവാക്കളെയായിരുന്നു സംഘം പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. ഇതില്‍ തന്നെ ഗേ ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിച്ച് സൗഹൃദപരമായ ചാറ്റുകളിലൂടെയാണ് സംഘം പരസ്‌പരം പരിചയപ്പെടുത്തിയിരുന്നത്. പിന്നീട് ഇവരെ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനായി അജ്ഞാതമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു കെണിയിലാക്കിയിരുന്നത്. അറസ്‌റ്റിലായ പ്രതിയും മറ്റ് നാല് പ്രായപൂര്‍ത്തിയാകാത്ത ചെറുപ്പക്കാരും ചേര്‍ന്നാണ് ഈ സംഘം രൂപീകരിച്ചതെന്ന് ഭുവനേശ്വര്‍ സോണ്‍ 2 എസിപി ഗിരിജ ചക്രബര്‍ത്തി വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ ഗഞ്ചം ജില്ല സ്വദേശിയായ മനോജ് ഡോറയെയാണ് മുഖ്യപ്രതിയായി പൊലീസ് പിടികൂടിയിട്ടുള്ളത്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ക്കായി ഭുവനേശ്വറിലെ സമന്ത്രപൂർ ലക്ഷ്മി മണ്ഡപിന് സമീപത്തുള്ള ഇയാളുടെ വീട്ടില്‍ നിന്നും നിരവധി മൊബൈൽ ഫോണുകളും മോട്ടോർ സൈക്കിളുകളും പൊലീസ് പിടിച്ചെടുത്തിട്ടുമുണ്ട്. മാത്രമല്ല തട്ടിപ്പിനിരയായവരില്‍ നിന്നായി ഒരു ലക്ഷത്തി പതിനായിരം രൂപ പ്രതികൾ തട്ടിയെടുത്തതായും, നിലവില്‍ പ്രതിയിൽ നിന്ന് 34,000 രൂപയും ഐഫോണും ബൈക്കും ഉൾപ്പടെ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചിരുന്നു.