താനെ : മഹാരാഷ്‌ട്രയിലെ താനെ നഗരത്തിൽ സൈബർ തട്ടിപ്പിനിരയായ 50കാരന്‍റെ 11 ലക്ഷത്തോളം രൂപ നഷ്‌ടപ്പെട്ടു. കമ്പനി സെക്രട്ടറിയായി ജോലി ചെയ്യുന്ന മധ്യവയസ്‌കന് പാർട്ട് ടൈം ഓൺലൈൻ ജോലി വാഗ്‌ദാനം ചെയ്‌താണ് തട്ടിപ്പിനിരയാക്കിയത്. തട്ടിപ്പിനിരയായ വ്യക്തി അജ്ഞാത സ്ത്രീക്കെതിരെ പൊലീസിൽ പരാതി നൽകി.
പരാതി ഇങ്ങനെ: പാർട്ട് ടൈം ജോലി വാഗ്‌ദാനം ചെയ്‌ത് ട്വിറ്ററിലൂടെ ഒരു സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് ചില ആപ്പുകൾ ഉപയോഗിക്കാനും ആവശ്യപ്പെട്ടു. കമ്മീഷൻ നൽകാമെന്നും ജോലിയുടെ ഭാഗമാണെന്നും വിശ്വസിപ്പിച്ച് ചില ഹോട്ടലുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും റേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് ചില ട്രാവൽ പ്ലാറ്റ്‌ഫോമുകളിൽ ചേരണമെന്നും ഇതിനായി പണമടയ്‌ക്കണമെന്നും വിശ്വസിപ്പിക്കുകയായിരുന്നു.
തുടർന്ന് മധ്യവയസ്‌കൻ കുറച്ച് പണം അടച്ചു. പിന്നാലെ ഇരയുടെ വിശ്വാസ്യത നേടിയെടുക്കുന്നതിനായി കുറച്ച് പണം ബോണസാണെന്ന വ്യാജേന നൽകുകയും ചെയ്‌തു. തുടർന്ന് വീണ്ടും പണം അടയ്‌ക്കുകയായിരുന്നു. പിന്നീട് കമ്മീഷൻ നൽകുന്നത് നിർത്തുകയും ഇരയുടെ 10,72,517 രൂപ നഷ്‌ടപ്പെടുകയും ചെയ്‌തുവെന്ന് പൊലീസ് പറഞ്ഞു. പണം നഷ്‌ടപ്പെട്ട പരാതിക്കാരൻ സന്ദേശം അയച്ച സ്‌ത്രീയെ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
തട്ടിപ്പിനിരയായ വ്യക്തിയുടെ പരാതി പ്രകാരം ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 420 (വഞ്ചന), ഇൻഫർമേഷൻ ആൻഡ് ടെക്നോളജി (ഐടി) ആക്റ്റ് എന്നിവ പ്രകാരം കപൂർബവ്ഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. അന്വേഷണം പുരോഗമിക്കുകയാണ്.