താനെ:മഹാരാഷ്‌ട്രയിലെ താനെ ജില്ലയിൽ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനെന്ന വ്യാജേന വ്യവസായിയിൽ നിന്ന് 3.67 ലക്ഷം രൂപ തട്ടിയെടുത്ത് അജ്ഞാത സംഘം. ജൂണ്‍ 22നാണ് ബദ്‌ലാപൂർ സ്വദേശിയായ വ്യവസായിൽ നിന്ന് സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ജൂണ്‍ 22നാണ് ബദ്‌ലാപൂർ സ്വദേശിയായ വ്യവസായിക്ക് അജ്ഞാതനിൽ നിന്ന് കോൾ ലഭിച്ചത്. വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥൻ എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. നിരവധി മാസത്തെ വൈദ്യുതി ബില്ലുകൾ അടയ്‌ക്കാനുണ്ടെന്നും ഉടൻ ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും അജ്ഞാതൻ ഫോണിലൂടെ അറിയിച്ചു.
ബില്ലുകൾ അടയ്‌ക്കാൻ ഒരു ആപ്പ് ഉണ്ടെന്നും അത് ഡൗണ്‍ലോഡ് ചെയ്‌ത് അതിലൂടെ ബില്ലുകൾ അടയ്‌ക്കാനും ഇയാൾ വ്യവസായിയോട് ആവശ്യപ്പെട്ടു. പിന്നാലെ വ്യവസായിയുടെ മകൻ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും അത് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാൻ അജ്ഞാതൻ നിർദേശിച്ച പ്രകാരം 100 രൂപ നൽകുകയും ചെയ്‌തു.
തുടർന്ന് അജ്ഞാതൻ വ്യവസായിയുടെ മൊബൈൽ നമ്പർ ആപ്പിൽ നൽകാൻ ആവശ്യപ്പെട്ടു. ഇതോടെ വ്യവസായിയുടെ മകൻ ആപ്പിൽ നമ്പർ നൽകി. തൊട്ടുപിന്നാലെ തന്നെ ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തവണകളായി പണം നഷ്‌ടപ്പെടുകയായിരുന്നു. 3,67,760 രൂപയാണ് തവണകളായി പരാതിക്കാരന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്‌ടപ്പെട്ടത്.
പിന്നാലെ അജ്ഞാതൻ വിളിച്ച നമ്പരിലേക്ക് തിരികെ വിളിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. തുടർന്ന് വ്യവസായി തിങ്കളാഴ്‌ച പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതർക്കെതിരെ ഐപിസിയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
പതിവായി സൈബർ തട്ടിപ്പ് : ഇക്കഴിഞ്ഞ ഏപ്രിലിൽ കമ്പനി സെക്രട്ടറിയായി ജോലി വാഗ്‌ദാനം ചെയ്‌ത് മധ്യവയസ്‌കനിൽ നിന്ന് 11 ലക്ഷത്തോളം രൂപ അജ്ഞാത സംഘം തട്ടിയെടുത്തിരുന്നു. താനെ നഗരത്തിൽ താമസിക്കുന്നു 50കാരനിൽ നിന്നാണ് പണം തട്ടിയെടുത്തത്. തുടർന്ന് തട്ടിപ്പിനിരയായ വ്യക്‌തി അജ്ഞാതയായ യുവതിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
ALSO READ :പാർട്ട് ടൈം ഓൺലൈൻ ജോലി വാഗ്‌ദാനം, കമ്പനി സെക്രട്ടറിക്ക് പോയത് 11 ലക്ഷം
മാർച്ചിൽ താനെയിൽ മധ്യവയസ്‌കയുടെ 8.30 ലക്ഷത്തോളം രൂപ സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തിരുന്നു. ഒരു ഓണ്‍ലൈൻ സൈറ്റിൽ നിന്ന് ടവലുകൾ വാങ്ങിയപ്പോഴാണ് പണം നഷ്‌ടമായത്. 1,169 രൂപയുടെ ടവലുകൾക്ക് പകരം 19,005 രൂപ അക്കൗണ്ടിൽ നിന്ന് എടുത്തതായി ഇവർ കണ്ടെത്തി.
പിന്നാലെ ബാങ്കിന്‍റെ കസ്റ്റമർ കെയർ ഡിപ്പാർട്ട്‌മെന്‍റിൽ നിന്ന് എന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ ഇവരുടെ ഫോണിലേക്ക് വിളിച്ചു. പണം റീഫണ്ട് ചെയ്യുന്നതിനായി ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ ഇയാൾ ആവശ്യപ്പെട്ടു. ഇത് പ്രകാരം ആപ്പ് ഡൗണ്‍ലോഡ് ചെയ്‌ത ഉടനെ ഇവരുടെ അക്കൗണ്ടിൽ നിന്ന് തവണകളായി 8.30 ലക്ഷം രൂപ നഷ്‌ടപ്പെടുകയായിരുന്നു.