പനാജി (ഗോവ): ഹരിയാന ബിജെപി നേതാവും ടെലിവിഷൻ താരവുമായ സൊണാലി ഫോഗട്ട് മരണത്തിന് തൊട്ടു മുമ്പ് സന്ദര്‍ശിച്ച ഗോവ അഞ്ജുന ബീച്ചിലെ റസ്റ്റോറന്‍റ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ചര്‍ച്ചയാകുന്നു. റസ്റ്റോറന്‍റുമായി ബന്ധപ്പെട്ട ദുരൂഹതകളാണ് മറ നീക്കി പുറത്തു വരുന്നത്. സെണാലിയുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞ് ബന്ധുക്കള്‍ രംഗത്തു വന്നതോടെയാണ് ബീച്ച് റസ്റ്റോറന്‍റും, റസ്റ്റോറന്‍റില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മറ്റൊരു കൊലപാതകവും ചര്‍ച്ചയായത്.
പ്രസ്‌തുത റസ്റ്റോറന്‍റില്‍ 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കൊലപാതകം നടന്നിരിന്നു. ബ്രിട്ടീഷ് പൗരയായ കൗമാരക്കാരിയാണ് അന്ന് കൊല്ലപ്പെട്ടത്. 2008-ലാണ് കര്‍ലീസ് ഹോട്ടലില്‍ സ്‌കാർലറ്റ് ഈഡൻ കീലിങ് എന്ന ബ്രിട്ടീഷ് പെണ്‍കുട്ടിയുടെ കൊലപാകം നടന്നത്. അതി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായാണ് സ്‌കാര്‍ലറ്റ് മരണത്തിന് കീഴടങ്ങിയത്.
പിറ്റേന്ന് അവളുടെ മൃതദേഹം കടല്‍ത്തീരത്ത് കാണപ്പെട്ടു. മാരകമായ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. താന്‍ കര്‍ലീസ് ഹോട്ടല്‍ സന്ദര്‍ശിച്ചു എന്ന് മരിക്കുന്നതിന് തൊട്ടുമുമ്പ് സ്‌കാര്‍ലറ്റ് അവളുടെ അമ്മക്ക് സന്ദേശം അയച്ചിരുന്നു. സ്‌കാര്‍ലറ്റിന്‍റ മരണത്തോടെ അഞ്ജുന ബീച്ചിലെ പ്രമുഖ റസ്റ്റോറന്‍റായ കര്‍ലീസ് വാര്‍ത്തയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം സൊണാലിയുടെ മരണത്തോടെ കര്‍ലീസ് റസ്റ്റോറന്‍റ് വീണ്ടും വാര്‍ത്തയായിരിക്കുകയാണ്. മരിക്കുന്നതിന് കുറച്ച് സമയം മുമ്പ് സൊണാലി ഫോഗട്ട് (42) തിങ്കളാഴ്‌ച രാത്രി (ഓഗസ്റ്റ് 22) കർലീസ് റെസ്റ്റോറന്‍റ് സന്ദർശിച്ചിരുന്നു. സുധീർ സഗ്‌വാനും സുഖ്‌വീന്ദർ വാസിയും ചേര്‍ന്നാണ് സൊണാലിയെ കര്‍ലീസില്‍ എത്തിച്ചതെന്ന് സൊണാലിയുടെ അനന്തരവന്‍ മൊഹീന്ദർ ഫോഗട്ട് പറഞ്ഞു.