ന്യൂഡൽഹി:രാജ്യത്ത് 22 കോടി പേർക്ക് വാക്സിനേഷന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയെ സംബന്ധിച്ച് സുപ്രധാന നാഴികകല്ലാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു . 18നും 44നുമിടയിൽ പ്രായമുള്ളവരിൽ ബുധനാഴ്ച 11,37,597 പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതായും 19523 പേർ രണ്ടാം ഡോസ് സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് വാക്സിനേഷൻ ഡ്രൈവിന്‍റെ മൂന്നാം ഘട്ടം ആരംഭിച്ചതിന് ശേഷം സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 18നും 44നുമിടയിൽ പ്രായമുള്ളവരിൽ ആകെ 2,25,40,803 പേർ ആദ്യ ഡോസും 59,052 പേർ രണ്ടാം ഡോസും സ്വീകരിച്ചു.
ബിഹാർ, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ 18നും 44നുമിടയിലുള്ള 10 ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകിയതായി മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചതിന് ശേഷം 99,11,519 ആരോഗ്യ പ്രവർത്തകർ ആദ്യ ഡോസും 68,14,165 ആരോഗ്യ പ്രവർത്തകർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. 1,58,39,812 മുൻനിര തൊഴിലാളികൾ ആദ്യ ഡോസും 85,76,750 മുൻനിര തൊഴിലാളികൾ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. എന്നാൽ 45നും 60നുമിടയിൽ പ്രായമുള്ള 6,78,25,793 പേർ ആദ്യ ഡോസും 1,09,67,786 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചപ്പോൾ 60 വയസിന് മുകളിൽ പ്രായമുള്ള 5,93,85,071 പേർ ആദ്യ ഡോസും 1,89,41,698 പേർ രണ്ടാം ഡോസും സ്വീകരിച്ചു.