ന്യൂഡല്‍ഹി :രാജ്യത്തെ ഗ്രാമീണ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഡിജിറ്റല്‍ വൈദഗ്ധ്യമുള്ളവരാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിഎസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യയും ഐടി ഭീമന്‍ ഇൻഫോസിസും കൈകോര്‍ക്കുന്നു.
ഗ്രാമീണ മേഖലയിലെ 10 മുതൽ 22 വയസുവരെയുള്ള ആറ് കോടി വിദ്യാർഥികളുടെ തൊഴിലധിഷ്‌ഠിത കഴിവുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇന്‍ഫോസിസിന്‍റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഇൻഫോസിസ് സ്പ്രിംഗ്ബോർഡ് വഴിയാണ് വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നത്.
'വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കിയാണ് സിഎസ്‌സി പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി ഗ്രാമീണ ഡിജിറ്റൽ സാക്ഷരതാ അഭിയാന് (പിഎംജിഡിഎസ്എച്ച്എ) കീഴിൽ ഗ്രാമീണ മേഖലയിലുള്ള ആറ് കോടി വിദ്യാര്‍ഥികളെ ഡിജിറ്റൽ വൈദഗ്ധ്യത്തിൽ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം,' സിഎസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ മാനേജിങ് ഡയറക്‌ടര്‍ ദിനേശ് കെ ത്യാഗി പ്രസ്‌താവനയിൽ പറഞ്ഞു. ഇൻഫോസിസ് സ്പ്രിങ്ബോര്‍ഡ് ഡിജിറ്റൽ ഡിവൈഡിനെ മറികടക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.